ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തീരുമാനം നടപ്പാകുന്നതോടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാർക്ക് നിർബന്ധിത EPFO പരിരക്ഷയുടെ ഭാഗമാകാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കാനും അവസരമൊരുങ്ങും.
EPFOയുടെ ശമ്പള പരിധി അവസാനമായി പരിഷ്‌കരിച്ചത് 2014 സെപ്റ്റംബറിലാണ്. അന്ന് പരിധി 15,000 രൂപയായി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ വേതന വർധന, വരുമാനത്തിലെ മാറ്റങ്ങൾ, സംഘടിത മേഖലയിലെ തൊഴിൽ വളർച്ച എന്നിവ കണക്കിലെടുത്താണ് പരിധി വീണ്ടും ഉയർത്താനുള്ള തീരുമാനം.
നിലവിൽ പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ തുടക്ക ശമ്പളമുള്ള ജീവനക്കാർ നിർബന്ധിത EPF പരിധിയിൽ ഉൾപ്പെടാറില്ല. പുതിയ പരിധി പ്രാബല്യത്തിൽ വരുന്നതോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാർക്കും EPF, എംപ്ലോയീസ് പെൻഷൻ സ്കീം (EPS), എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
ജീവനക്കാരുടെ വിരമിക്കൽ കാലത്തെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സഹായകമാകും. സ്ഥാപനങ്ങൾക്ക് വിദഗ്ധ ജീവനക്കാരെ ദീർഘകാലം നിലനിർത്തുന്നതിനും ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
പുതിയ പരിധി നടപ്പാക്കുന്നതോടെ പദ്ധതിക്കായുള്ള സർക്കാരിന്റെ വാർഷിക ചെലവ് നിലവിലെ 10,250 കോടി രൂപയിൽ നിന്ന് 11,339 കോടി രൂപയായി ഉയരും. അടുത്ത അഞ്ച് വർഷത്തിനിടെ ഏകദേശം 56,696 കോടി രൂപ അധിക ചെലവ് പ്രതീക്ഷിക്കുന്നതായാണ് വിവരം.
നിലവിൽ രാജ്യത്തെ 7.68 ലക്ഷം സ്ഥാപനങ്ങളിലായി 7.98 കോടി അംഗങ്ങൾ EPFOയിൽ സംഭാവന നൽകുന്നുണ്ട്. EPS വഴി ഏകദേശം 82 ലക്ഷം പെൻഷൻകാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
എക്‌സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് പിന്നാലെ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് EPFO ശമ്പള പരിധി ഉയർത്താനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
EPFO ശമ്പള പരിധി 25,000 രൂപയാക്കും; 51 ലക്ഷത്തിലധികം ജീവനക്കാർക്ക് അധിക സാമൂഹിക സുരക്ഷ