Logo
Wed, Sep 16, 2026 • 05:52 PM
LIVE TV
Watch

No business videos available

No Middle East videos available

കൂട്ടപ്പിരിച്ചുവിടലുകൾക്കിടെ വമ്പൻ തൊഴിൽ പ്രഖ്യാപനം; ഇന്ത്യയിൽ 2.5 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് ഫ്ലിപ്കാർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2026
1 min read
SHARE:
SAVE: Login to save

കൂട്ടപ്പിരിച്ചുവിടലുകൾക്കിടെ വമ്പൻ തൊഴിൽ പ്രഖ്യാപനം; ഇന്ത്യയിൽ 2.5 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് ഫ്ലിപ്കാർട്ട്

ന്യൂഡൽഹി: ആഗോളതലത്തിൽ പ്രമുഖ കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുകൾ നടത്തുന്നതിനിടെ ഇന്ത്യയിൽ വൻ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. രാജ്യത്ത് നേരിട്ടും പരോക്ഷമായും 2.5 ലക്ഷം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് മുതൽ നവംബർ വരെ നീളുന്ന ഉത്സവകാല വിൽപനയിലെ വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് നിയമനങ്ങളും പ്രവർത്തന വിപുലീകരണവും.

ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് പുതിയ തൊഴിൽ അവസരങ്ങളുടെ ഭാഗമാകുക. ഇവരിൽ ഏകദേശം 75,000 പേരുടെ ആദ്യ തൊഴിൽ ആയിരിക്കും ഫ്ലിപ്കാർട്ടിലൂടെയുള്ള അവസരമെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന കാലയളവാണ് ഉത്സവ സീസൺ. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനികൾ വിവിധ ഓഫറുകളും വിൽപന ക്യാമ്പയിനുകളും നടത്താറുണ്ട്. ഫ്ലിപ്കാർട്ടിന്റെ പ്രധാന വിൽപന പരിപാടിയായ ബിഗ് ബില്യൻ ഡേയ്സ് ഉൾപ്പെടുന്നതും ഈ കാലയളവിലാണ്.

ഉത്സവകാല ഡിമാൻഡ് കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത് 900 പുതിയ ഡെലിവറി ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു. ഇതിലൂടെ ഏകദേശം 1.4 ലക്ഷം താൽക്കാലിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രഖ്യാപിച്ച ആകെ തൊഴിൽ അവസരങ്ങളിൽ 60 ശതമാനത്തോളം ലാസ്റ്റ് മൈൽ ഡെലിവറി മേഖലയിൽ ആയിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ടയർ-2, ടയർ-3 നഗരങ്ങളിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ചെറുനഗരങ്ങളിലും ഉത്സവകാലത്ത് ഓൺലൈൻ ഷോപ്പിങ്ങിനുള്ള ഡിമാൻഡ് ശക്തമാകുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

കേരളത്തിലെ ഓണക്കാല വിൽപനയോടെയാണ് രാജ്യത്തെ ഉത്സവ സീസണിന് തുടക്കമാകുന്നത്. തുടർന്ന് നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്ക് വിൽപന സജീവമാകും. ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഈ കാലയളവിൽ ആവശ്യകത ഉയരാറുണ്ട്.

ഓൺലൈൻ ഷോപ്പിങ്, ക്വിക്ക് കൊമേഴ്‌സ്, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിലും ഉത്സവകാലത്ത് മികച്ച മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഓണക്കാലത്ത് റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിൽപനയിൽ 15 ശതമാനം വരെ വർധന ഉണ്ടായതായാണ് കണക്കുകൾ.

ഗണേശ ചതുർഥി അവധി ദിവസങ്ങളിലും രാജ്യത്ത് ശക്തമായ ഉപഭോക്തൃ ചെലവഴിക്കൽ പ്രകടമായിരുന്നു. കാർ വിൽപനയിലും 20 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഉത്സവകാല ഡിമാൻഡ് വരും മാസങ്ങളിലും ശക്തമായി തുടരുകയാണെങ്കിൽ ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാനും കമ്പനികളുടെ വിൽപന ഉയരാനും സാധ്യതയുണ്ട്.



Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10