'ടിക്കറ്റ് വേണ്ട, ടിടിഇ ഇല്ല, ചെക്കിങ് ഇല്ല'; നീണ്ട 78 വര്‍ഷമായി സമ്പൂര്‍ണ സൗജന്യ സർവീസ് നടത്തുന്ന ഒരു ട്രെയിൻ
ചണ്ഡീഗഢ്: ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയാൽ ടി.ടി.ഇ ഫൈൻ അടപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ടി.ടി.ഇയോ ചെക്കിങ്ങോ ഇല്ലാതെ, ഒരു രൂപ പോലും ടിക്കറ്റ് നിരക്കില്ലാതെ ഇന്ത്യയിൽ സമ്പൂർണ്ണ സൗജന്യമായി യാത്ര ചെയ്യാവുന്ന ഒരു ട്രെയിനുണ്ട്. പഞ്ചാബിന്റെയും ഹരിയാനയുടെയും അതിർത്തിയിലൂടെ സർവീസ് നടത്തുന്ന ഭക്രാ-നംഗൽ ട്രെയിനാണത്. നീണ്ട 78 വർഷമായി ഈ ട്രെയിൻ സൗജന്യ യാത്ര തുടരുന്നു.
ഇന്ത്യൻ റെയിൽവേയുടെ കീഴിലല്ല, മറിച്ച് 'ഭക്രാ-ബിയാസ് മാനേജ്‌മെന്റ് ബോർഡിന്റെ' (BBMB) നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗലിന്റെ നിർമ്മാണ ഘട്ടത്തിൽ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും യാത്രാസൗകര്യത്തിനായാണ് 1948-ൽ ഈ റെയിൽപാത നിർമ്മിച്ചത്. 1963-ൽ ഡാം നിർമ്മാണം പൂർത്തിയായെങ്കിലും ജനകീയമായ ഈ സർവീസ് അവസാനിപ്പിച്ചില്ല.
ആദ്യകാലത്ത് ആവിയന്ത്രത്തിൽ ഓടിയിരുന്ന ട്രെയിനിനായി പിന്നീട് യു.എസിൽ നിന്ന് എത്തിച്ച മൂന്ന് ഡീസൽ എഞ്ചിനുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ശിവാലിക് മലനിരകളിലൂടെ 13 കിലോമീറ്റർ സഞ്ചരിച്ച് ട്രെയിൻ ഭക്രയിലെത്തും. ലേബർ ഹട്ട്, ബാര്മല, നഹ്ല, ഒലിന്ഡ എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. ദിവസവും രാവിലെയും വൈകുന്നേരവും നടത്തുന്ന സർവീസിൽ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ 300-ഓളം പേർ ദിനവും യാത്ര ചെയ്യുന്നുണ്ട്.
മരം കൊണ്ട് നിർമ്മിച്ച കൊളോണിയൽ കാലത്തെ കോച്ചുകളും ബെഞ്ചുകളുമാണ് ഈ ട്രെയിനിന്റെ പ്രത്യേകത. 2011-ൽ സാമ്പത്തിക ബാധ്യത മുൻനിർത്തി സൗജന്യ യാത്ര അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് ആലോചിച്ചിരുന്നെങ്കിലും ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പഴക്കമേറിയ എഞ്ചിനുകളുടെ അറ്റകുറ്റപ്പണികളും സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും വെല്ലുവിളിയാകുന്നുണ്ടെങ്കിലും, ഡാം തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ് ഈ അപൂർവ്വ ട്രെയിൻ യാത്ര.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.