Logo
Sat, Sep 12, 2026 • 01:30 PM
LIVE TV
Watch

No business videos available

No Middle East videos available

‘വാഴ 2’യെ പിന്നിലാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; കേരളത്തിൽ 130 കോടി ക്ലബ്ബിൽ നിവിൻ–മമിത ചിത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 12, 2026
1 min read
SHARE:
SAVE: Login to save

‘വാഴ 2’യെ പിന്നിലാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; കേരളത്തിൽ 130 കോടി ക്ലബ്ബിൽ നിവിൻ–മമിത ചിത്രം

നിവിൻ പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കേരള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് മാത്രം 130 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കേരള ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്.

‘വാഴ 2’ന്റെ കേരള കളക്ഷൻ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ‘വാഴ 2’ കേരളത്തിൽ 126 കോടി രൂപ നേടിയപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 130 കോടി പിന്നിട്ടു. ബുക്ക്‌മൈഷോയിലെ മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയുടെ സൂചനയാണ്.

ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ഗിരീഷ് എ.ഡിയുടെ പുതിയ ചിത്രത്തിൽ ജസ്റ്റിൻ, ആഷ്‌ലി എന്നീ കഥാപാത്രങ്ങളായാണ് നിവിൻ പോളിയും മമിത ബൈജുവും എത്തുന്നത്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർഹിറ്റായ ‘പ്രേമലു’വിന് ശേഷം ബാനറിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി 100ലേറെ ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

അജ്മൽ സാബുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതസംവിധാനവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന.

ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ആഷിക് എസ് ആർട്ട് ഡയറക്ടറും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനറും റോണക്സ് സേവ്യർ മേക്കപ്പ് ആർട്ടിസ്റ്റുമാണ്.

ആക്ഷൻ സന്തോഷ് സംഘട്ടനസംവിധാനം നിർവഹിക്കുന്നു. വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങും ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. എഗ്ഗ് വൈറ്റ് വി.എഫ്.എക്സാണ് ദൃശ്യസംവിധാനം കൈകാര്യം ചെയ്യുന്നത്. രമേഷ് സി.പി കളറിസ്റ്റാണ്.

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കേരള ബോക്സ് ഓഫീസിലെ റെക്കോർഡ് നേട്ടം കൂടുതൽ ഉയർത്തുമോ എന്നതാണ് ഇനി ശ്രദ്ധേയം.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10