കേരളത്തിന്റെ രാഷ്ട്രീയ ചരിത്രപുസ്തകത്തില്‍ വി.ഡി. സതീശന്‍ എന്ന പേര് ഇനി രേഖപ്പെടുത്തപ്പെടുക ചില സവിശേഷമായ നാഴികക്കല്ലുകളുടെ പേരിലായിരിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിന്ന് നേരിട്ട് മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുമ്പോള്‍, അദ്ദേഹം തകര്‍ക്കുന്നത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ചില രാഷ്ട്രീയ കീഴ്വഴക്കങ്ങളെയാണ്. കേരള മുഖ്യമന്ത്രിമാരുടെ പ്രായം പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ആ പദവിയിലെത്തിയത് എ.കെ. ആന്റണിയാണ്. 1977-ല്‍ തന്റെ 37-ാം വയസ്സിലാണ് ആന്റണി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. വി.ഡി. സതീശന്‍ തന്റെ 61-ാം വയസ്സില്‍ മുഖ്യമന്ത്രിയാകുമ്പോള്‍, ആധുനിക കേരള രാഷ്ട്രീയത്തിലെ 'യുവ' മുഖ്യമന്ത്രിമാരുടെ നിരയിലാണ് അദ്ദേഹം ഇടംപിടിക്കുന്നത്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി എഴുപതുകളിലും എണ്‍പതുകളിലും എത്തിയ നേതാക്കള്‍ ഭരിച്ചിരുന്ന കേരളത്തില്‍, 60-കളില്‍ നില്‍ക്കുന്ന ഒരാള്‍ അമരത്തെത്തുന്നത് ഭരണകൂടത്തിന് പുതിയ വേഗതയും ഊര്‍ജ്ജസ്വലതയും നല്‍കും
സി.എച്ച്. മുഹമ്മദ് കോയയും പി.കെ. വാസുദേവന്‍ നായരും 52-ാം വയസ്സിലാണ് മുഖ്യമന്ത്രിമാരായിട്ടുണ്ടെങ്കിലും, സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സതീശന്റെ വരവ് വലിയ തലമുറ മാറ്റമായി വിലയിരുത്താം.
വി.ഡി. സതീശന്റെ മുഖ്യമന്ത്രി പദവിയെ ഏറ്റവും ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം അദ്ദേഹം ഇതുവരെ ഒരു മന്ത്രിസ്ഥാനം പോലും വഹിച്ചിട്ടില്ല എന്നുള്ളതാണ്. കേരള രാഷ്ട്രീയത്തില്‍ ഈ നേട്ടം കൈവരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്: അതില്‍ ആദ്യവ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. 1957-ല്‍ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാകുമ്പോള്‍ ഇ.എം.എസിന് മുന്‍പ് മന്ത്രിയായ അനുഭവമില്ലായിരുന്നു. പക്ഷേ, അദ്ദേഹം ഒരു നവസംസ്ഥാനത്തിന്റെ ശില്പിയായി മാറി. എ.കെ. ആന്റണിയാണ് മറ്റൊരാള്‍. 1977-ല്‍ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ ആന്റണിയും മുന്‍പ് മന്ത്രിയായിരുന്നില്ല. 1980-ല്‍ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ ഇ.കെ. നായനാര്‍ക്കും ഭരണപരിചയമില്ലായിരുന്നു. ഈ നിരയിലെ അടുത്തയാള്‍ വി.എസ്. അച്യുതാനന്ദനാണ്. 2006-ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ വി.എസും മുന്‍പ് മന്ത്രിസഭകളില്‍ അംഗമായിരുന്നില്ല.
വി.എസിനെപ്പോലെ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള കരുത്തുറ്റ പോരാട്ടമാണ് വി.ഡി. സതീശനെയും ആ പദവിയിലെത്തിച്ചത്.എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ സഭയ്ക്കകത്തെ നിയമവശങ്ങളും ഭരണപരമായ കാര്യങ്ങളും ഹൃദിസ്ഥമാണെങ്കിലും, ഒരു വകുപ്പ് ഭരിച്ച പരിചയമില്ലാതെ നേരിട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക എന്നത് വലിയ വെല്ലുവിളിയും അതേസമയം അപൂര്‍വ്വമായ അംഗീകാരവുമാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വെന്തുപാകമായ സതീശന്‍, ഭരണപരിചയമില്ലാത്ത മുഖ്യമന്ത്രി എന്ന വിമര്‍ശനത്തെ തന്റെ പാര്‍ലമെന്ററി മികവ് കൊണ്ട് മറികടക്കുമെന്നുറപ്പാണ്. വിഡിഎസില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് കൂടുതല്‍ സുതാര്യവും വേഗതയുള്ളതുമായ ഒരു ഭരണസംവിധാനമാണ്. കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രി എന്ന നിലയില്‍ വി ഡി സതീശന്‍ കുറിക്കുന്നത് പുതുയുഗപ്പിറവിതന്നെയാണ്
റെക്കോർഡുകൾ തകർത്ത് വിഡിഎസ്; പ്രതിപക്ഷ നേതാവിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രി പദത്തിലേക്ക്!