Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നീറ്റ് റദ്ദാക്കല്‍: തകര്‍ന്നടിയുന്ന കേന്ദ്ര പരീക്ഷാ സംവിധാനം

നീറ്റ് റദ്ദാക്കല്‍:  തകര്‍ന്നടിയുന്ന കേന്ദ്ര പരീക്ഷാ സംവിധാനം



ഇന്ത്യയിലെ ലക്ഷക്കണക്കിന് മെഡിക്കല്‍ മോഹികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഒരിക്കല്‍ കൂടി നീറ്റ് പരീക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇത് കേവലം സാങ്കേതികമായ ഒരു തകരാറല്ല, മറിച്ച് രാജ്യത്തെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്. 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളെയും ലേലം വിളിക്കുന്ന രീതിയിലേക്ക് 'പരീക്ഷാ മാഫിയ' വളര്‍ന്നിരിക്കുന്നു എന്നത് ഭീതിജനകമാണ്.

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പരീക്ഷാ അഴിമതികളിലൊന്നായി നീറ്റ് യുജി 2026 പരീക്ഷാ ചോര്‍ച്ച മാറിക്കഴിഞ്ഞു. 22 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അതിശക്തമായ ഒരു മാഫിയ ശൃംഖലയാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമാകുന്നു. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് ചോര്‍ന്ന ചോദ്യപേപ്പര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയ വഴി ഏതൊരു കുറ്റാന്വേഷണ സിനിമയെയും വെല്ലുന്നതാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് അതിശയിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ ഒരു മാഫിയാ ശൃംഖലയിലേക്കാണ്. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് തുടങ്ങി രാജസ്ഥാനിലെ സീക്കറിലൂടെ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു ഈ അഴിമതിയുടെ ആഴം.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സംവിധാനം രൂപീകരിച്ചപ്പോള്‍ അവകാശപ്പെട്ടിരുന്നത് സുതാര്യവും സുരക്ഷിതവുമായ പരീക്ഷാ രീതിയാണ്. എന്നാല്‍ ഇന്ന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി എന്‍ടിഎ മാറിയിരിക്കുന്നു. തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍, ക്രമക്കേടുകള്‍, സുരക്ഷാ വീഴ്ചകള്‍ എന്നിവ എന്‍ടിഎയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. പാര്‍ലമെന്ററി സമിതികള്‍ മുന്‍പ് നല്‍കിയ കര്‍ശനമായ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണതഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ ഏജന്‍സികളെ അമിതമായി ആശ്രയിക്കുന്നതും, സുരക്ഷാ ഓഡിറ്റുകള്‍ നടത്താത്തതും അഴിമതിക്കാര്‍ക്ക് വാതില്‍ തുറന്നുകൊടുത്തു.

പരീക്ഷാ പരിശീലന കേന്ദ്രങ്ങളും പരീക്ഷാ നടത്തിപ്പുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്ന് പരസ്യമായ രഹസ്യമാണ്. പണമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ മുന്‍കൂട്ടി ലഭിക്കുന്ന സാഹചര്യം മെരിറ്റ് എന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നു. പാവപ്പെട്ടവനും സാധാരണക്കാരനുമായ വിദ്യാര്‍ത്ഥി രാപ്പകല്‍ കഷ്ടപ്പെട്ട് പഠിക്കുമ്പോള്‍, ലക്ഷങ്ങള്‍ കൊടുത്ത് ചോദ്യപേപ്പര്‍ വാങ്ങുന്നവര്‍ ഡോക്ടര്‍മാരാകുന്ന അവസ്ഥ രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ തന്നെ തകര്‍ച്ചയ്ക്ക് കാരണമാകും. ഈ 'വിദ്യാഭ്യാസ മാഫിയ'യെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യം രാഷ്ട്രീയമായ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഏക കേന്ദ്രീകൃതമായ പരീക്ഷാ രീതിയുടെ പരാജയം കൂടിയാണിത്. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 'ഒരു രാജ്യം, ഒരു പരീക്ഷ' എന്ന മുദ്രാവാക്യത്തിന്റെ പരാജയമാണ് നാം കാണുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് പരീക്ഷാ സംവിധാനത്തെ ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചപ്പോള്‍, ഒരു ചെറിയ വീഴ്ച പോലും രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന വന്‍ ദുരന്തമായി മാറുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നീറ്റ് പരീക്ഷയ്ക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധം എത്രത്തോളം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. ഓരോ സംസ്ഥാനത്തിനും സ്വന്തമായി മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താനുള്ള അധികാരം ഉണ്ടായിരുന്നെങ്കില്‍, ഇത്രയും വലിയൊരു അനിശ്ചിതത്വം വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുമായിരുന്നില്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രിന്റിംഗ് പ്രസ്സാണെന്നാണ് സൂചന. പ്രസ്സിലെ ഒരു ജീവനക്കാരന്‍ വഴി പുറത്തെത്തിയ ചോദ്യപേപ്പര്‍ ആദ്യം ലഭിക്കുന്നത് ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഒരു ഡോക്ടര്‍ക്കാണ്. അവിടെ നിന്ന് ജയ്പൂര്‍ സ്വദേശിയായ ഖാത്തിക് എന്നയാള്‍ വഴി രാജസ്ഥാനിലെ പുതിയ കോച്ചിംഗ് ഹബ്ബായ സീക്കറിലേക്ക് ഇത് എത്തിച്ചേര്‍ന്നു. സീക്കറിലെ എംബിബിഎസ് കൗണ്‍സിലിംഗ് ഏജന്റായ രാകേഷ് കുമാര്‍ മണ്ടാവരിയ വഴിയാണ് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോച്ചിംഗ് സെന്ററുകളിലേക്ക് വിതരണം ചെയ്യപ്പെട്ടത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്ന് പുറത്തറിയാതിരിക്കാന്‍ 'ഗസ്സ് പേപ്പര്‍' അഥവാ മാതൃകാ ചോദ്യപ്പേപ്പര്‍ എന്ന പേരിലാണ് ഇത് വിതരണം ചെയ്തത്. പരീക്ഷയ്ക്ക് മുന്‍പുള്ള പരിശീലന ചോദ്യങ്ങള്‍ എന്ന വ്യാജേനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്‍കിയത്. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പേ ഈ പേപ്പര്‍ വിപണിയില്‍ എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഇതിനായി ഈടാക്കിയത്. 281 ചോദ്യങ്ങളടങ്ങിയ ഗസ്സ് പേപ്പറില്‍ നിന്നാണ് പരീക്ഷയ്ക്ക് ചോദിച്ച 180 ചോദ്യങ്ങളും വന്നത്. ഇതില്‍ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും യഥാര്‍ത്ഥ പരീക്ഷാ പേപ്പറിന് സമാനമായിരുന്നു. കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങളാകട്ടെ, ചോദ്യങ്ങളുടെ ക്രമത്തിലോ വാക്കുകളിലോ പോലും ഒരു മാറ്റവുമില്ലാതെയാണ് ചോര്‍ന്നത്. കോമയും ഫുള്‍സ്റ്റോപ്പും പോലും കൃത്യമായിരുന്നു എന്നത് പരീക്ഷാ സുരക്ഷാ സംവിധാനങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ചയെയാണ് വിരല്‍ചൂണ്ടുന്നത്.

അതിരഹസ്യമായി നടന്ന ഈ ഇടപാടുകള്‍ പുറംലോകമറിഞ്ഞത് ഒരു പിജി ഹോസ്റ്റല്‍ ഉടമയുടെ അമിത ആവേശത്തിലൂടെയാണ്. കേരളത്തില്‍ പഠിക്കുന്ന തന്റെ മകന്‍ അയച്ചു കൊടുത്ത 'ഗസ്സ് പേപ്പര്‍' സീക്കറിലെ തന്റെ ഹോസ്റ്റലിലുള്ള കുട്ടികള്‍ക്ക് ഉടമ വിതരണം ചെയ്തു. പരീക്ഷയ്ക്ക് ശേഷം ഇത് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് 100 ശതമാനം സാമ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും എന്‍ടിഎയെയും സമീപിച്ചതോടെയാണ് ലോകത്തെ ഞെട്ടിച്ച അഴിമതിയുടെ ചുരുളഴിയുന്നത്.

കോട്ടയ്ക്ക് പിന്നാലെ രാജസ്ഥാനില്‍ ഉയര്‍ന്നുവരുന്ന പുതിയ കോച്ചിംഗ് കേന്ദ്രമാണ് സീക്കര്‍. കോട്ടയിലെ കുട്ടികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് സീക്കറിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രവഹിക്കുന്നു. എന്നാല്‍ ഈ തിരക്കിനിടയില്‍ പരീക്ഷാ മാഫിയ സീക്കറിനെ തങ്ങളുടെ പ്രധാന താവളമാക്കി മാറ്റിയിരിക്കുകയാണ്. ഡല്‍ഹി, ബീഹാര്‍, കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം ചോദ്യപേപ്പര്‍ എത്തിയത് സീക്കര്‍ കേന്ദ്രീകരിച്ചാണെന്ന കണ്ടെത്തല്‍ ഗൗരവകരമാണ്. തുടക്കത്തില്‍ പരാതി ലഭിച്ചപ്പോള്‍ അത് അവഗണിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും പോലീസും പരീക്ഷാ മാഫിയയ്ക്ക് വളമിടുകയാണ് ചെയ്തത്. എന്‍ടിഎയുടെ സുരക്ഷാ സംവിധാനങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. പ്രിന്റിംഗ് പ്രസ്സില്‍ പോലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഒരു ഏജന്‍സിക്ക് എങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷ നടത്താന്‍ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്.

പരീക്ഷാ റദ്ദാക്കല്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വാക്‌പോരുകള്‍ക്കും വഴിതെളിച്ചു. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളാണ് സര്‍ക്കാര്‍ തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'നീറ്റ് ഇപ്പോള്‍ ഒരു പരീക്ഷയല്ല, മറിച്ച് ഒരു ലേലമായി മാറിയിരിക്കുന്നു' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന നിരവധി ചോദ്യപേപ്പര്‍ ചോര്‍ച്ചകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ചടഡ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

നീറ്റ് പരീക്ഷാ ചോര്‍ച്ച കേവലം ഒരു ക്രമക്കേടല്ല, മറിച്ച് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ പണത്തിനുവേണ്ടി കവര്‍ന്നെടുക്കുന്ന സംഘടിത കുറ്റകൃത്യമാണ്. പരീക്ഷാ നടത്തിപ്പ് കേന്ദ്രീകൃതമാക്കുമ്പോള്‍ ഇത്തരം ചോര്‍ച്ചകള്‍ ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാദം ഇവിടെ ശരിവയ്ക്കപ്പെടുന്നു. സിബിഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ സൂത്രധാരന്മാരെ പിടികൂടുകയും പരീക്ഷാ സംവിധാനത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി നഷ്ടപ്പെടും.


Related articles

See all
Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Popular News

ഖാര്‍ഗെയെ അപമാനിച്ച സംഭവം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം; പ്രധാനമന്ത്രി മാപ്...

Save your stories

Sign in