ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടന്ന ചോര്‍ച്ചയ്ക്ക് ശേഷം രാജസ്ഥാന്‍ വഴിയാണ് ചോദ്യപേപ്പര്‍ കേരളത്തിലേക്കും എത്തിച്ചതെന്ന് സിബിഐ കണ്ടെത്തി. 20,000 പേജുള്ള വിപുലമായ കുറ്റപത്രമാണ് സിബിഐ റൗസ് അവന്യൂ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് ആഗസ്റ്റ് 3-ന് കോടതി വീണ്ടും പരിഗണിക്കും.
മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് പ്രധാന റൂട്ടുകളിലൂടെയാണ് ചോദ്യപേപ്പറുകള്‍ രാജ്യത്തിന്റെ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. ഇതില്‍ മഹാരാഷ്ട്ര - രാജസ്ഥാന്‍ - കേരളം എന്ന റൂട്ടിലൂടെയാണ് കേരളത്തിലേക്ക് ചോദ്യങ്ങള്‍ എത്തിയത്. രാജസ്ഥാനിലെ ഒരു കെമിസ്ട്രി അധ്യാപകന്‍ എന്‍.ടി.എയ്ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് ഈ കേരള ബന്ധം വെളിപ്പെടുത്തിയത്. കേരളത്തില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് റൂംമേറ്റില്‍ നിന്നാണ് പരീക്ഷയുടെ തലേന്ന് വാട്സാപ്പ് വഴി ചോദ്യങ്ങള്‍ ലഭിച്ചത്. ഫോണ്‍പേ വഴി 30,000 രൂപ നല്‍കിയാണ് ഈ റൂംമേറ്റ് ചോദ്യപേപ്പര്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിഷയ വിദഗ്ദ്ധരും കോച്ചിങ് സെന്റര്‍ ഉടമകളും ഉള്‍പ്പെടെ 13 പേരെയാണ് സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ലാത്തൂരിലെ 'റേണുകായ് കരിയര്‍ സെന്റര്‍' ഉടമയുടെ ഫോണില്‍ നിന്ന് പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ് എടുത്ത കൈയെഴുത്തിലുള്ള കെമിസ്ട്രി ചോദ്യങ്ങള്‍ സിബിഐ കണ്ടെടുത്തു. ലാത്തൂരിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് 5 ലക്ഷം രൂപയോളം നല്‍കിയാണ് ചോദ്യങ്ങള്‍ കൈമാറിയത്. സിബിഐ ഏറ്റെടുത്ത അന്വേഷണത്തില്‍ 360 സാക്ഷികളെയും ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകള്‍ അടക്കം 422 രേഖകളും ഹാജരാക്കിയിട്ടുണ്ട്. നിലവില്‍ കേസില്‍ അറസ്റ്റിലായ 13 പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാന്‍ വഴി കേരളത്തിലേക്കും ചോദ്യങ്ങളെത്തി; സിബിഐ കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്