വിപണിയിൽ ആവശ്യകത കുത്തനെ ഉയർന്നതോടെ അടുത്ത മാർച്ചോടെ വാച്ചുകളുടെ ഉത്പാദനം വർധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. (HMT) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ജലഹള്ളിയിൽ പുതിയ നിർമാണപ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്തിടെ പുറത്തിറക്കിയ 'കന്നഡിഗ എഡിഷൻ' ഉൾപ്പെടെയുള്ള മോഡലുകൾക്ക് ലഭിച്ച വൻ ജനപ്രീതിയാണ് ഈ നീക്കത്തിന് പിന്നിൽ. നിലവിലെ ഉത്പാദനശേഷിയെക്കാൾ കൂടുതൽ ആവശ്യക്കാർ വിപണിയിലെത്തിയതോടെയാണ് പുതിയ പ്ലാന്റ് തുടങ്ങാൻ കമ്പനി നിർബന്ധിതരായത്. വർഷങ്ങളായി നഷ്ടത്തിലായിരുന്ന ഈ പഴയകാല പൊതുമേഖലാ സ്ഥാപനത്തിന് വലിയൊരു തിരിച്ചുവരവാണിത്.
നിലവിൽ പ്രതിമാസം ശരാശരി 13,000 വാച്ചുകളാണ് എച്ച്.എം.ടി. നിർമിക്കുന്നത്. പുതിയ നിർമാണപ്ലാന്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഉത്പാദനശേഷി 25,000-ത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്ലാന്റിന് ആവശ്യമായ കെട്ടിടം ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതികൾ ലഭിച്ചാലുടൻ ഇവിടെ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
കാലങ്ങളായി ഇന്ത്യക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള ബ്രാൻഡാണ് എച്ച്.എം.ടി. ന്യായമായ വിലയും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഈടുമാണ് ഈ വാച്ചുകളെ എക്കാലവും പ്രിയപ്പെട്ടതാക്കുന്നത്. പഴയ തലമുറയ്ക്ക് പുറമെ 'ജെൻ സി' (Gen Z) ഉൾപ്പെടെയുള്ള പുതുതലമുറ ഉപഭോക്താക്കൾക്കിടയിലും എച്ച്.എം.ടി. വാച്ചുകളോട് വലിയ താല്പര്യം വർധിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്തുടനീളമുള്ള എച്ച്.എം.ടി. ഷോറൂമുകൾ വഴിയും പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയുമാണ് വാച്ചുകളുടെ വിൽപ്പന നടക്കുന്നത്. ബെംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്നത്. വിപണിയിലെ ഈ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ പുതുമയുള്ള മോഡലുകൾ പുറത്തിറക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
ഇതിനുപുറമെ, എച്ച്.എം.ടി.യുടെ പ്രശസ്തമായ ക്ലാസിക് മെക്കാനിക്കൽ വാച്ചുകൾ വീണ്ടും വിപണിയിലിറക്കണമെന്ന ആവശ്യവും വാച്ച് പ്രേമികൾക്കിടയിൽ ശക്തമാണ്. ഉപഭോക്താക്കളുടെ ഈ ആവശ്യം ഗൗരവമായി പരിഗണിക്കുന്ന കമ്പനി, പഴയകാല മെക്കാനിക്കൽ മോഡലുകൾ വിപണിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളിലാണ്.
തിരിച്ചുവരവിനൊരുങ്ങി എച്ച്.എം.ടി വാച്ചുകൾ: ഡിമാൻഡ് കുതിച്ചുയർന്നതോടെ ബെംഗളൂരുവിൽ പുതിയ പ്ലാന്റ്