വിപണിയിൽ ചെറിയുള്ളി വില കുത്തനെ ഉയർന്ന് കിലോയ്ക്ക് 150 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 20 രൂപയോളമാണ് വർധിച്ചത്. ഒരാഴ്ച മുൻപ് വരെ 120 മുതൽ 130 രൂപ വരെയായിരുന്നു ചെറിയുള്ളിയുടെ നിരക്ക്. വയനാട്ടിലേക്ക് പ്രധാനമായും ചെറിയുള്ളി എത്തുന്ന തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം മേഖലയിൽ കനത്ത മഴയെത്തുടർന്ന് കൃഷിനാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. നിലവിൽ നേരത്തെ സംഭരിച്ചുവെച്ച ഉള്ളിയാണ് ഉയർന്ന വിലയ്ക്ക് വിപണിയിലെത്തുന്നത്.
അതേസമയം, ചെറിയുള്ളിയെന്ന പേരിൽ വലുപ്പം കുറഞ്ഞ സവാള കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന പ്രവണതയും വിപണിയിലുണ്ട്. ഒരാഴ്ച മുൻപ് 50 രൂപയായിരുന്ന സവാള വില 56 രൂപയായി ഉയർന്നു. ക്രിസ്മസ് പലഹാര നിർമാണത്തിനായി ആവശ്യകത വർധിച്ചതോടെ മുട്ട വിലയും കുതിക്കുകയാണ്. 7 മുതൽ 7.50 രൂപ വരെ ഉണ്ടായിരുന്ന മുട്ടയുടെ ചില്ലറവില 8 മുതൽ 8.20 രൂപ വരെയായി. ക്രിസ്മസ്-പുതുവത്സര സീസൺ കഴിയാതെ മുട്ട വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പൊന്നി അരി ഉൾപ്പെടെയുള്ള അരിയിനങ്ങൾക്കും വില ഉയരുമ്പോൾ, 58 രൂപയുണ്ടായിരുന്ന ശർക്കര വില 54 രൂപയായി കുറഞ്ഞത് സാധാരണക്കാർക്ക് നേരിയ ആശ്വാസമാകുന്നുണ്ട്.
അമ്പലവയൽ: അടുക്കള ബജറ്റിന് ആശ്വാസമായി ജില്ലയിൽ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. ഈ മാസമാദ്യം കിലോയ്ക്ക് 230–240 രൂപയായിരുന്ന നിരക്ക് 160 മുതൽ 180 രൂപ വരെയായി താഴ്ന്നു. ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ 165–180 രൂപ നിരക്കിലായിരുന്നു വിൽപന. ആഴ്ചകൾക്ക് മുൻപ് 220 മുതൽ 260 രൂപ വരെ എത്തിയിരുന്ന വിലയാണ് ഇപ്പോൾ ഗണ്യമായി കുറഞ്ഞത്.
തമിഴ്നാട്ടിൽ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും കോഴികളെത്തുന്നത്. അവിടുത്തെ മൊത്തവ്യാപാര വില കുറഞ്ഞതാണ് ജില്ലയിലും വിലയിടിയാൻ പ്രധാന കാരണം. ഇതിനുപുറമെ, മണ്ഡലകാലവും നോമ്പുകാലവും ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും കോഴികളുടെ വരവ് വർധിച്ചതും വിലക്കുറവിന് വഴിവെച്ചതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്നു