അറഫാ ഗോൾഡ് ആന്റ് ഡയമണ്ട്സ് നടത്തിയ 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്നിടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കൊല്ലത്തുള്ള അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ വസതിയിലും തിരുവനന്തപുരത്തെ അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്.
യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യങ്ങളും ദുരുപയോഗം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്ക് അധികൃതരുടെ പരാതിയിലാണ് നടപടി. 2022-ൽ ആഭരണ നിർമ്മാണ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 17.5 കോടിയിലധികം രൂപ സ്ഥാപനം വായ്പയെടുത്തിരുന്നു. എന്നാൽ, വായ്പയ്ക്ക് ഈടായി നൽകിയ വസ്തുവകകളിൽ തട്ടിപ്പ് കാണിക്കുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തതിലൂടെ ബാങ്കിന് ഏകദേശം 19.56 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചതായി ഇ.ഡി വ്യക്തമാക്കുന്നു.
യൂക്കോ ബാങ്കിന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേസ് ഏറ്റെടുത്ത സി.ബി.ഐ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിയും കേസ് ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധിയും തട്ടിപ്പ് കേസുകളും രൂക്ഷമായതോടെ അറഫാ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ജ്വല്ലറി ഷോപ്പുകളും നിലവിൽ പ്രവർത്തനം നിർത്തിവെച്ച അവസ്ഥയിലാണ്.
50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരിശോധന