ജൊഹാനസ്ബർഗ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആറ് വിക്കറ്റുമായി തിളങ്ങിയ സ്പിന്നർ സൈമൺ ഹാർമറുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. 51 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഹാർമർ, ടെസ്റ്റ് കരിയറിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു.
നിലവിൽ 14 രണ്ടാം ഇന്നിങ്‌സുകളിൽ നിന്ന് 14.09 എന്ന മികച്ച ശരാശരിയിൽ 53 വിക്കറ്റുകളാണ് സൈമണിന്റെ സമ്പാദ്യം. ചുരുങ്ങിയത് 50 വിക്കറ്റുകൾ നേടിയ താരങ്ങളിൽ, ടെസ്റ്റ് മത്സരങ്ങളുടെ രണ്ടാം ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് ശരാശരിയെന്ന ചരിത്ര റെക്കോർഡും ഇതോടെ ഹാർമറുടെ പേരിലായി. 1884-1896 കാലഘട്ടത്തിൽ കളിച്ച മുൻ ഇംഗ്ലണ്ട് താരം ബോബി പീലിന്റെ (14.25) റെക്കോർഡാണ് സൈമൺ ഹാർമർ മറികടന്നത്.
ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 400 റൺസിനെതിരെ 557 റൺസടിച്ച ദക്ഷിണാഫ്രിക്ക 157 റൺസിന്റെ നിർണായക ലീഡ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് 168 റൺസിന് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം വെറും 12 റൺസായി ചുരുങ്ങി. ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന ആതിഥേയർ പരമ്പരയിൽ മുന്നിലെത്തി.
130 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സൈമൺ ഹാർമർ; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം