റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റിന്റെ ആവേശകരമായ വിജയം. ക്യാപ്റ്റൻ വി.ജെ. ജോഷിതയുടെ തകർപ്പൻ അർധ സെഞ്ചുറിയാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഝാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ, മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേർന്ന് നേടിയ 54 റൺസിന്റെ കൂട്ടുകെട്ട് ഝാർഖണ്ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചു. പ്രിയങ്ക ലൂത്ര 54 റൺസും ശിഖ സിങ് 33 റൺസും നേടി. കേരളത്തിനുവേണ്ടി സൂര്യ സുകുമാർ, സി.വി. അനുഷ്ക, നിയതി ആർ. മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് കേരളം സമ്മർദ്ദത്തിലായി. ഈ ഘട്ടത്തിൽ വി.ജെ. ജോഷിതയും ശ്രേയ സിജുവും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് കേരളത്തെ വിജയതീരത്തെത്തിച്ചത്.
ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ജോഷിത 26 പന്തുകളിൽ നിന്ന് 53 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ജോഷിതയുടെ വെടിക്കെട്ട് ഇന്നിങ്സ്. കേരളത്തിനായി അമീറ ബീഗം 39 റൺസും ശ്രേയ സിജു 36 റൺസും നേടി മികച്ച പിന്തുണ നൽകി.
ക്യാപ്റ്റൻ വി.ജെ. ജോഷിതയ്ക്ക് തകർപ്പൻ അർധ സെഞ്ചുറി; അണ്ടർ 23 വനിതാ ട്വന്റി 20-യിൽ ഝാർഖണ്ഡിനെ വീഴ്ത്തി കേരളം