ഇന്ത്യൻ ക്രിക്കറ്റിന്റെ നീലക്കുപ്പായത്തിൽ കേരളത്തിന്റെ അഭിമാനമായി തിളങ്ങുന്ന സഞ്ജു വിശ്വനാഥ് സാംസൺ തന്റെ 32-ാം ജന്മദിനം ആഘോഷിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുവിളയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് വളർന്ന സഞ്ജുവിന്റെ യാത്ര പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും നേർക്കാഴ്ചയാണ്. 1994 നവംബർ 11-ന് ജനിച്ച താരം, വെറും 17-ാം വയസ്സിൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചാണ് തന്റെ കരിയറിന് തുടക്കമിട്ടത്.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം സഞ്ജുവിനെ ഇന്ത്യൻ അണ്ടർ-19 ടീമിലേക്കും തുടർന്ന് 2013-ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിലേക്കും എത്തിച്ചു. 2015-ൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ ടി20 കുപ്പായമണിഞ്ഞ താരം, ടീമിൽ സ്ഥിരസാന്നിധ്യമാകാൻ നിരവധി വെല്ലുവിളികളെയാണ് നേരിട്ടത്. എന്നാൽ വിമർശനങ്ങൾക്കും അവഗണനകൾക്കും ബാറ്റ് കൊണ്ട് മറുപടി നൽകിയ സഞ്ജു, അനായാസമായ ടൈമിങ്ങും മനോഹരമായ ഷോട്ടുകളും കൊണ്ട് ലോകക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്തി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുകയും 2022-ൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത സഞ്ജു, 2026 ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഭാഗമായി. ഐപിഎല്ലിൽ 5,000 റൺസ് പിന്നിട്ട താരം കരിയറിലെ പുതിയൊരു അധ്യായത്തിലേക്കാണ് കടന്നിരിക്കുന്നത്. വിക്കറ്റ് കീപ്പറായും ബാറ്ററായും സമ്മർദഘട്ടങ്ങളിൽ തിളങ്ങാനുള്ള സഞ്ജുവിന്റെ പ്രത്യേക കഴിവ് അദ്ദേഹത്തെ ടീമിന്റെ വിശ്വസ്തനായ താരമാക്കി മാറ്റുന്നു.
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും സുവർണ്ണാവസരങ്ങളിലൊന്നാണ് 2024-ലെ അന്താരാഷ്ട്ര ടി20 പ്രകടനങ്ങൾ. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സെഞ്ചുറികൾ നേടിയ താരം ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി ചരിത്രമെഴുതി. കൂടാതെ, 2024-ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2026-ലെ ടി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവിന്റെ കരിയറിലെ വലിയ നാഴികക്കല്ലുകളാണ്. കേരളത്തിന്റെ മണ്ണിൽനിന്ന് വളർന്ന് ലോകക്രിക്കറ്റിന്റെ നെറുകയിൽ എത്തിയ സഞ്ജുവിന്റെ ഓരോ നേട്ടവും മലയാളികൾക്ക് അഭിമാനകരമാണ്.
കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....