വിദ്യാര്‍ത്ഥി സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: എം.എം. ഹസൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ഡല്‍ഹി പോലീസുണ്ടാക്കിയ അതിക്രമത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
നീറ്റ് അടക്കമുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയാണ്. ഈ അലംഭാവത്തിനെതിരെയാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. പരീക്ഷാ അട്ടിമറിയെ തുടര്‍ന്ന് ഭാവി തകര്‍ന്ന് 12 വിദ്യാര്‍ത്ഥികളാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. എന്നിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാനോ കൃത്യമായ വിശദീകരണം നല്‍കാനോ വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി തെരുവുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച കേന്ദ്ര സര്‍ക്കാരിന് ചരിത്രം മാപ്പുനല്‍കില്ല. ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്തതു മുതല്‍ കൃത്യമായ തിരക്കഥയോടെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പോലീസുകാരില്‍ പലരും നെയിംപ്ലേറ്റ് മാറ്റുകയും യൂണിഫോം ധരിക്കാതെയുമാണ് അക്രമം അഴിച്ചുവിട്ടത്. ഭരണകൂട ഉത്തരവ് അതിക്രൂരമായി നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരോട് കാലം കണക്കുചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ക്രമക്കേടില്‍ നട്ടംതിരിയുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിലും തെരുവിലും കോണ്‍ഗ്രസ് പോരാട്ടം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിനായി കോണ്‍ഗ്രസ് എന്നും ഒപ്പമുണ്ടാകുമെന്നും, ഭരണകൂടത്തിന്റെ അതിക്രൂരമായ പോലീസ് വേട്ടയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം പ്രതിഷേധിക്കാന്‍ മുന്നോട്ടുവരണമെന്നും എം.എം. ഹസന്‍ ആഹ്വാനം ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.