തനിക്കെതിരെ അധിക്ഷേപവും വ്യാജപ്രചാരണവും ശക്തമാക്കിയ സംഘപരിവാർ കേന്ദ്രങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. താൻ വിദ്യാഭ്യാസ രേഖകൾ പരസ്യമാക്കാൻ തയ്യാറാണെന്നും എന്നാൽ പകരം 'ചക്രവർത്തി' അദ്ദേഹത്തിന്റെ അസ്സൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ എന്നും നരേന്ദ്ര മോദിയെ പരോക്ഷമായി ലക്ഷ്യമിട്ട് ദീപ്കെ ചോദിച്ചു. പേരെടുത്തു പറഞ്ഞില്ലെങ്കിലും 'ചക്രവർത്തി' എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് ആരെന്നത് വ്യക്തമാണ്. വിദ്യാർഥി വേട്ട തുടരുന്ന പക്ഷം പ്രധാനമന്ത്രിയുടെ ഡിഗ്രി വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കുമെന്ന സൂചനയാണ് ദീപ്കെ നൽകുന്നത്.
സിജെപി സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നും അഭിജീത് ദീപ്കെ അമേരിക്കയിൽ പഠനം നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങളുടെ പ്രചാരണം. ദീപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സും വിദേശപഠന വിവരങ്ങളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ വിവരാവകാശ അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് ദീപ്കെ രംഗത്തെത്തിയത്. തനിക്ക് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച സ്കോളർഷിപ്പ് ലെറ്ററും എജ്യുക്കേഷൻ ലോൺ രേഖകളും പരസ്യപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സാധാരണ കുടുംബത്തിലെ പയ്യൻ വിദേശത്തുപോയി പഠിക്കുന്നതിൽ ഇവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടെന്നും ബിജെപിക്ക് വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം ചോദിച്ചു.
സിജെപി പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണത്തിനും ദീപ്കെ ശക്തമായി തിരിച്ചടിച്ചു. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തെ ആദ്യത്തെ ദേശവിരുദ്ധനെന്നും ഗാന്ധിയുടെ കൊലയാളികളുടെ പിന്തുടർച്ചക്കാർക്ക് മറ്റാരെയും ദേശവിരുദ്ധരെന്നു വിളിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. സിജെപിയുടെ പ്രതിഷേധം കേവലം പരീക്ഷാ ക്രമക്കേടിനെതിരായ സമരം മാത്രമല്ലെന്നും അതിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആർഎസ്എസ് നേതാവിന്റെ ആരോപണം.