ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി) രജിസ്ട്രേഷൻ സ്വമേധയാ തിരികെ നൽകാനുള്ള അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) തള്ളി. ആർ.ബി.ഐയുടെ ഈ നിർണായക തീരുമാനത്തോടെ ടാറ്റാ സൺസിന് ഭാവിയിൽ ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും. ലിസ്റ്റിംഗ് പൂർത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയായ ടാറ്റാ സൺസ് ഒരു പബ്ലിക് കമ്പനിയായി മാറും.
2022 സെപ്റ്റംബറിലാണ് ആർ.ബി.ഐ ടാറ്റാ സൺസിനെ 'അപ്പർ ലെയർ' എൻ.ബി.എഫ്.സികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര ബാങ്കിന്റെ നിലവിലെ മാനദണ്ഡമനുസരിച്ച് ഇത്തരം കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ പ്രവേശിക്കണമെന്നത് നിർബന്ധമാണ്. ഐ.പി.ഒ ഒഴിവാക്കുന്നതിന്റെ ഭാഗമായി 2024 മാർച്ച് മാസത്തിൽ ടാറ്റാ സൺസ് 21,800 കോടിയിലധികം രൂപയുടെ കടബാധ്യതകൾ തീര്‍ക്കുകയും എൻ.ബി.എഫ്.സി ലൈസൻസ് തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ അപേക്ഷ ആർ.ബി.ഐ നിരസിച്ചതോടെ അപ്പർ ലെയർ എൻ.ബി.എഫ്.സികൾക്കുള്ള കർശനമായ ബാങ്കിംഗ് നിയന്ത്രണങ്ങളും റിപ്പോർട്ടിംഗ് മാനദണ്ഡങ്ങളും തുടർന്നും പാലിക്കാൻ ടാറ്റാ സൺസ് ബാധ്യസ്ഥരാകും. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാതൃ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സൺസ് ഓഹരി വിപണിയിലേക്ക് എത്തുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലയിലും ഐ.പി.ഒ വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും.