രണ്ട് ദിവസമായി ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളും ക്ഷണിതാക്കളും പങ്കെടുക്കുന്ന ഓപ്പൺ സെഷൻ രാവിലെ 10 മണിക്ക് ആരംഭിക്കും. ആഗോള സാമ്പത്തിക രംഗം, വികസനം, ബഹുമുഖ സഹകരണം, അന്താരാഷ്ട്ര സമാധാനം തുടങ്ങി വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ യോഗത്തിൽ നിലപാട് വ്യക്തമാക്കും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടങ്ങിയ പ്രമുഖ വിദേശ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ അംഗരാജ്യങ്ങളുടെ ആഭ്യന്തര ചർച്ചകളും പ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചകളും നടന്നിരുന്നു. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ബ്രിക്സിന്റെ പങ്കാളിത്തം ആഗോളതലത്തിൽ വിപുലീകരിക്കുന്നതിനുമുള്ള വിശദമായ ചർച്ചകളാണ് ആദ്യ ദിനം നടന്നത്.