സംസ്ഥാനത്തെ നിലവിലെ ശക്തമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭ്യമാകുന്ന എല്ലാ ഉറവിടങ്ങളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനൊപ്പം വിഷയം പരിഹരിക്കാൻ ശാശ്വതമായ പദ്ധതികൾ നടപ്പിലാക്കുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കുന്നതിനായി ഹ്രസ്വകാല-ദീർഘകാല പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. മഴയുടെ ലഭ്യതക്കുറവ് മാത്രമല്ല, പ്രതിദിന ഉപഭോഗത്തിലുണ്ടായ വൻ വർദ്ധനവ്, ആഭ്യന്തര ഉൽപ്പാദനത്തിന്റെ പരിമിതികൾ, രാത്രി സമയങ്ങളിലെ ഉയർന്ന ആവശ്യകത (Peak Demand), സംഭരണ സംവിധാനങ്ങളുടെ (Storage) കുറവ് എന്നിവയെല്ലാം പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കാൻ കാരണമായെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം അധിക വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടെന്നും എട്ട് മറ്റ് സംസ്ഥാനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
യൂണിറ്റിന് 30 രൂപ നിരക്കിൽ ഉയർന്ന തുക നൽകി സർക്കാർ വൈദ്യുതി വാങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അമിത വില നൽകി വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറാവില്ലെന്നും സുതാര്യമായ കരാറുകളിലൂടെ മാത്രമേ വൈദ്യുതി ലഭ്യമാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.