അഫ്ഗാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി.
22 പന്തിൽ 57 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 4 സിക്സറും 7 ഫോറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സ്. അഭിഷേക് ശർമ 19 പന്തിൽ 39 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും നൽകിയ മിന്നുന്ന തുടക്കമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഇഷാൻ കിഷൻ (38*), തിലക് വർമ (15*) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 11 റൺസെടുത്ത് പുറത്തായി. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാൻ 36 റൺസിന് 3 വിക്കറ്റെടുത്തു.
160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേകും സഞ്ജുവും മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ അഭിഷേകാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആദ് മൂന്നോവര്‍ കഴിയുമ്പോള്‍ സഞ്ജു 10 പന്തില്‍ 8 റണ്‍സും അഭിഷേക് 14 പന്തില്‍ 25 റണ്‍സുമായിരുന്നു. അസ്മത്തുള്ള ഓമര്‍സായി എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു അടി തുടങ്ങിയത്. ഒമര്‍സായിക്കെതിരെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സഞ്ജു മുഹമ്മദ് നബി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 3 സിക്സും രണ്ട് ഫോറും പറത്തി 19 പന്തില്‍ 47 റണ്‍സിലെത്തി.
പവർപ്ലേയ്ക്ക് പിന്നാലെ എത്തിയ ഓവറിൽ റാഷിദ് ഖാനെ സിക്സറിന് പറത്തി അഭിഷേക് വീണ്ടും ആക്രമണത്തിന് മുതിർന്നെങ്കിലും, അടുത്ത പന്തിൽ ബിഗ് ഷോട്ടിന് ശ്രമിച്ചു പുറത്തായി. 4 സിക്സും 2 ഫോറുമടക്കം 19 പന്തിൽ 39 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. എന്നാൽ അതേ ഓവറിൽ തന്നെ റാഷിദിനെ ബൗണ്ടറി കടത്തി സഞ്ജു സാംസൺ തന്റെ അർധസെഞ്ചുറി തികച്ചു. തൊട്ടടുത്ത പന്ത് വമ്പൻ സിക്സറിലേക്ക് തൂക്കിയ സഞ്ജു, മറ്റൊരു കൂറ്റൻ ഷോട്ടിന് മുതിരവെ അതിർത്തിയിൽ മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 22 പന്തിൽ 7 ഫോറും 4 സിക്സറുമടക്കം 57 റൺസ് നേടിയാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും റാഷിദ് മടക്കിയെങ്കിലും, ക്രീസിൽ ഒന്നിച്ച തിലക് വർമയും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യയെ അനായാസം വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.