മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ വീണ്ടും ഐ.പി.എൽ പരിശീലക സ്ഥാനത്തേക്ക് തിരികെ എത്തിക്കാൻ വൻ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 2027 ഏകദിന ലോകകപ്പ് വരെയാണ് ബി.സി.സി.ഐയുമായി ഗംഭീറിന് കരാറുള്ളത്. എന്നാൽ, 2028 ഐ.പി.എൽ സീസണിന് മുന്നോടിയായി അദ്ദേഹത്തെ ടീം ഉപദേശകനായോ (മെന്റർ) ഹെഡ് കോച്ചായോ ഒപ്പം കൂട്ടാൻ നാല് പ്രധാന ഐ.പി.എൽ ഫ്രാഞ്ചൈസികൾ ആഭ്യന്തര ചർച്ചകൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഗംഭീറിന്റെ മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (KKR) പുറമെ രാജസ്ഥാൻ റോയൽസുമായും അദ്ദേഹത്തിന്റെ പ്രതിനിധികൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇതിനുപുറമെ, ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ഒരു പ്രമുഖ ടീമും ഇതുവരെ കിരീടം നേടാത്ത മറ്റൊരു ടീമും ഗംഭീറിനെ ഒപ്പം കൂട്ടാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബി.സി.സി.ഐ ഗംഭീറുമായുള്ള കരാർ ദീർഘിപ്പിക്കുകയാണെങ്കിൽ ഫ്രാഞ്ചൈസികൾക്ക് പദ്ധതികൾ മാറ്റിവെക്കേണ്ടി വരും. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് വരെ ഗംഭീറിന്റെ കരാർ നീട്ടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
2024-ൽ കെ.കെ.ആറിന് ഐ.പി.എൽ കിരീടം നേടിക്കൊടുത്തതിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, കെ.കെ.ആർ എന്നീ ടീമുകളിൽ മികച്ച തന്ത്രജ്ഞനായി തിളങ്ങിയ ഗംഭീർ 2022, 2023 സീസണുകളിൽ ലഖ്‌നൗവിനെ പ്ലേഓഫിൽ എത്തിച്ചിരുന്നു. തുടർന്ന് ഷാരൂഖ് ഖാന്റെ ക്ഷണപ്രകാരം കെ.കെ.ആറിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ടീമിന് കിരീടം സമ്മാനിച്ചു. ഗംഭീർ പടികടന്നതോടെ തുടർന്നുള്ള സീസണുകളിൽ കെ.കെ.ആറും ലഖ്‌നൗവും കനത്ത തിരിച്ചടികളാണ് നേരിട്ടത്.
റെഡ് ബോൾ ക്രിക്കറ്റിൽ ചില വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗംഭീറിന്റെ തന്ത്രങ്ങൾ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യൻ ടീം രണ്ട് ഐ.സി.സി കിരീടങ്ങളും ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസ് സ്വർണമെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാൻ നീക്കം