ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികള്‍ 13 വര്‍ഷമായി കാത്തിരുന്ന 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ' (GTA) പരമ്പരയിലെ ആറാം പതിപ്പായ ജിടിഎ 6 (GTA 6) പുറത്തിറങ്ങി. വ്യാഴാഴ്ചയാണ് റോക്ക്സ്റ്റാര്‍ ഗെയിംസ് ഈ ബ്ലോക്ക്ബസ്റ്റര്‍ ഗെയിം അവതരിപ്പിച്ചത്. മയാമിയെ അനുസ്മരിപ്പിക്കുന്ന സാങ്കല്പിക നഗരമായ വൈസ് സിറ്റിയുടെ വര്‍ണാഭമായ തെരുവുകളിലേക്കാണ് പുതിയ പതിപ്പ് കളിക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. നിലവില്‍ പ്ലേസ്റ്റേഷന്‍ 5 (PS5), എക്‌സ്‌ബോക്‌സ് സീരീസ് X|S പ്ലാറ്റ്ഫോമുകളിലാണ് ഗെയിം ലഭ്യമാകുക. 2013-ലായിരുന്നു പരമ്പരയിലെ മുന്‍ പതിപ്പായ ജിടിഎ 5 പുറത്തിറങ്ങിയത്.
റിലീസിന് മുന്‍പുതന്നെ വിപണിയിലെ സകല റെക്കോര്‍ഡുകളും ജിടിഎ 6 തകര്‍ത്തിരുന്നു. ആഗോളതലത്തില്‍ 100 കോടി ഡോളറിലധികം മൂല്യമുള്ള പ്രീ-ഓര്‍ഡറുകളാണ് ഗെയിമിന് ലഭിച്ചത്. ഇതുവരെ ലോകത്താകമാനം 47 കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ജിടിഎ പരമ്പരയില്‍, 23 കോടിയിലധികം കോപ്പികളുമായി ജിടിഎ 5 ആയിരുന്നു മുന്നില്‍. പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 100 കോടി ഡോളര്‍ വില്‍പ്പന നേടിയ ജിടിഎ 5-ന്റെ റെക്കോര്‍ഡ്, റിലീസിന് മുന്‍പുള്ള പ്രീ-ഓര്‍ഡറുകളിലൂടെ തന്നെ ജിടിഎ 6 മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ)?
ലോകത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ ഗെയിം പരമ്പരകളിലൊന്നാണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ. സ്‌കോട്ട്‌ലന്‍ഡിലെ ഡിഎംഎ ഡിസൈന്‍ (പിന്നീട് റോക്ക്സ്റ്റാര്‍ നോര്‍ത്ത്) വികസിപ്പിച്ച ആദ്യ പതിപ്പ് 1997 നവംബര്‍ 28-നാണ് പുറത്തിറങ്ങിയത്. അമേരിക്കന്‍ കമ്പനിയായ റോക്ക്സ്റ്റാര്‍ ഗെയിംസാണ് ഇതിന്റെ പ്രസാധകര്‍. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഓപ്പണ്‍ വേള്‍ഡ് ആക്ഷന്‍-അഡ്വഞ്ചര്‍ ഗെയിമാണിത്. സാങ്കല്പിക നഗരത്തിലെ കഥാപാത്രമായി ജീവിക്കാനും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും നഗരത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാര്‍ക്ക് ഇതിലൂടെ സാധിക്കും.
വൈസ് സിറ്റിയിലേക്കുള്ള തിരിച്ചുവരവ്
ലോസ് ആഞ്ജലിസിനെ മാതൃകയാക്കിയുള്ള ലോസ് സാന്റോസായിരുന്നു ജിടിഎ 5-ന്റെ പശ്ചാത്തലമെങ്കില്‍, ആരാധകരുടെ പ്രിയപ്പെട്ട വൈസ് സിറ്റിയിലേക്കാണ് ജിടിഎ 6 തിരിച്ചെത്തുന്നത്. ലൂസിയ കാമിനോസ്, ജേസണ്‍ ഡുവല്‍ എന്നിവരാണ് പുതിയ പതിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍. ഫ്‌ലോറിഡയെ മാതൃകയാക്കി സൃഷ്ടിച്ച 'ലിയോനിഡ' എന്ന സാങ്കല്പിക സംസ്ഥാനത്തിലൂടെയാണ് ഇവരുടെ യാത്ര. അധോലോകത്തിന്റെ ഭാഗമാകുന്ന ഇരുവരും അതിജീവനത്തിനായി പരസ്പരം ആശ്രയിക്കേണ്ടി വരുന്നതാണ് ഗെയിമിന്റെ ഇതിവൃത്തം.
ഇന്ത്യയിലും വന്‍ സ്വീകരണം
ആഗോളതലത്തിലെന്നപോലെ ഇന്ത്യയിലും ആവേശകരമായ സ്വീകരണമാണ് ജിടിഎ 6-ന് ലഭിച്ചത്. ഡല്‍ഹിയിലെ ഇമ്മോര്‍ട്ടല്‍ ഗെയിമിങ് കഫേയില്‍ പാട്ടും ആര്‍പ്പുവിളികളുമായി യുവതലമുറ ഗെയിമിന്റെ റിലീസ് ആഘോഷമാക്കി. ഗെയിം കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിരവധി യുവാക്കള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.
13 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ജിടിഎ 6 എത്തി, ആവേശത്തോടെ വരവേറ്റ് ഗെയിമിങ് ലോകം