ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രം ‘UNEXPECTED- SAFED SACH’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗരുഡവേഗ ആഞ്ജി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഹിന്ദി ഉൾപ്പെടെ ഒൻപത് ഭാഷകളിലായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിംഗ്, ഗഞ്ചാ കറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബാലതാരമായി മലയാള സിനിമയിൽ തുടക്കം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യ'ത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് എസ്തർ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയത്. തുടർന്ന് വിവിധ തെന്നിന്ത്യൻ ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത താരം, ഇപ്പോൾ 'UNEXPECTED – SAFED SACH' എന്ന ബഹുഭാഷാ ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ്.
ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എസ്.പി ഭരത് സിംഗ് എന്ന കഥാപാത്രത്തെയാണ് ബോളിവുഡ് താരം സഞ്ജയ് കപൂർ അവതരിപ്പിക്കുന്നത്. 'മർഡർ 2', 'ഭാഗ് ജോണി', 'ധരം സങ്കട് മേം' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ പ്രശാന്ത് നാരായണനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു.
ഡെറാഡൂൺ ഐ.എസ്.ബി.ടിയിൽ (ISBT) നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. സ്ത്രീസുരക്ഷ, നീതി, പൊതുസുരക്ഷ, ഉത്തരവാദിത്തപ്പെട്ട പോലീസ് അന്വേഷണം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ആകാംക്ഷ നിറഞ്ഞ പശ്ചാത്തലത്തിൽ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. യാഷ് വീര ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പ്യാരേലാൽ ഗുണ്ടേച്ച (സോജത് റോഡ് വാല) നിർമ്മിക്കുന്നു. കെവിൻ റോയ് ആണ് സംഗീതസംവിധാനം.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗർവാലി, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി എന്നീ ഒൻപത് ഭാഷകളിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2027-ൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ - എ.എസ്. ദിനേശ്, മനു ശിവൻ.