തിരുവനന്തപുരം: ഫെസ്റ്റിവല്‍ കോറിഡോര്‍ ക്രമീകരിച്ച് 24 മണിക്കൂര്‍ നീളുന്ന പ്രദര്‍ശനങ്ങളോടെ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ (IFFK) വേറിട്ടൊരു ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. 'ഷീ സിനിമ', 'ജെന്‍ സി', 'ക്രിറ്റിക് ഡിസ്‌കവറി' തുടങ്ങി വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായി പ്രദര്‍ശനങ്ങള്‍ ഒരുക്കി, ഉറങ്ങാത്ത നഗരത്തിലെ അവിസ്മരണീയമായ കാഴ്ചയായി മേള മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും വേദിയൊരുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു മന്ത്രി.
മേളയോടനുബന്ധിച്ച് മാനവീയം വീഥിയിലടക്കം വിപുലമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മാനവീയം വീഥിയില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യാതൊരു വിധത്തിലുള്ള വിലക്കും ഉണ്ടായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി തലസ്ഥാന നഗരത്തില്‍ തന്നെ തിയേറ്റര്‍ കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സ്ഥിരം വേദി ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. 830-ലേറെ ചിത്രങ്ങളാണ് ഇത്തവണ മേളയിലേക്കായി ലഭിച്ചത്. യാതൊരു പരാതികള്‍ക്കും ഇടനല്‍കാത്ത വിധം സുതാര്യമായാണ് ഇക്കുറി ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടികൾ നടക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്