പതിവായി കാണാറുള്ള താരങ്ങളുടെ ആഡംബര മെറ്റേണിറ്റി ഷൂട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ലളിതമായൊരു ഫോട്ടോ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ താരം സാമന്ത. സംവിധായകനും നിർമാതാവുമായ ഭർത്താവ് രാജ് നിഡിമോറിനൊപ്പം ആദ്യകുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. തന്റെ ഗർഭകാലവിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ടുള്ള സാമന്തയുടെ പുതിയ പോസ്റ്റും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"ഇതെന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കിക്കോളൂ" എന്ന രസകരമായ ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. വമ്പൻ സെറ്റുകളിലും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കുമൊപ്പം താരങ്ങൾ മെറ്റേണിറ്റി ഷൂട്ടുകൾ നടത്തുമ്പോൾ, കുഷനുകൾ നിറച്ച സോഫയിൽ സൺഗ്ലാസ് ധരിച്ച് വളരെ കംഫർട്ടബിളായി വിശ്രമിക്കുന്ന സാധാരണമായൊരു ചിത്രത്തിലൂടെയാണ് സാമന്ത തന്റെ ഗർഭകാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള പ്രിന്റഡ് കുർത്തയും വെള്ള ബോട്ടവുമാണ് താരത്തിന്റെ വേഷം. ഇരുകൈകളും ബേബി ബംപിൽ ചേർത്തുവെച്ചുള്ള പോസ് ആരാധകരുടെ മനംകവർന്നു കഴിഞ്ഞു. വാമിക അടക്കമുള്ള നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.
സംവിധായകനും നിർമാതാവുമായ രാജ് നിഡിമോറുമായുള്ള വിവാഹശേഷം ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് സാമന്ത. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. ഗർഭകാലത്തെത്തുടർന്ന് നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽനിന്ന് ചെറിയ ഇടവേളയെടുക്കാനാണ് താരത്തിന്റെ തീരുമാനം. 'മാ ഇൻതി ബംഗാരം' ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമെ ചിത്രത്തിന്റെ നിർമാണത്തിലും താരം പങ്കാളിയായിരുന്നു. നെറ്റ്ഫ്ലിക്സിന്റെ വരാനിരിക്കുന്ന സീരീസായ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' ആണ് സാമന്തയുടേതായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്.
'ഇതെന്റെ മെറ്റേണിറ്റി ഷൂട്ട്'; ലളിതമായ ചിത്രവുമായി ആരാധകരുടെ പ്രിയതാരം സാമന്ത