ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’യ്ക്ക് (ആകാശത്തിൽ ഒരു താരകം) തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വൈകാരിക മുഹൂർത്തങ്ങളുടെയും മനോഹരമായ ലോകമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടക്കാൻ ശ്രമിക്കുന്ന കല്പനയുടെയും, അവളുടെ യാത്രയിൽ താങ്ങും തണലുമായി കൂടെ നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. സ്വപ്നങ്ങൾക്കായുള്ള പോരാട്ടവും, സ്നേഹവും പിന്തുണയും നൽകുന്ന കരുത്തുമെല്ലാം സിനിമയുടെ പ്രമേയത്തിൽ മനോഹരമായി ഇഴചേർന്നിരിക്കുന്നു. വെറുമൊരു പ്രണയകഥ എന്നതിലുപരി, പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷയും പ്രചോദനവും നിറയ്ക്കുന്ന ഹൃദയസ്പർശിയായ ഒരു സിനിമാനുഭവമാണ് ചിത്രം നൽകുന്നത്.
കൃഷ്ണ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കല്പനയായി വേഷമിട്ട പുതുമുഖം സാത്വിക വീരവല്ലിയുടെ അഭിനയവും ഏറെ ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വൈകാരിക രംഗങ്ങളുമാണ് സിനിമയുടെ പ്രധാന കരുത്ത്. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പവൻ സാദിനേനിയുടെ സംവിധാന മികവിനൊപ്പം ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരികതയെ കൂടുതൽ ആഴമുള്ളതാക്കുന്നു. മനോഹരമായ ദൃശ്യാവിഷ്കാരത്തിനും അഭിനേതാക്കളുടെ പ്രകടനത്തിനും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ ലഭിക്കുന്നുണ്ട്. ഹൃദയത്തോട് ചേർത്തുവെക്കാവുന്ന മികച്ചൊരു സിനിമാനുഭവമെന്ന അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ഉയരുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയ ‘ആകാശംലോ ഒക താര’, സ്വപ്നങ്ങളെ നെഞ്ചേറ്റുന്നവർക്കും സ്നേഹത്തിന്റെ കരുത്തിൽ വിശ്വസിക്കുന്നവർക്കും മികച്ചൊരു ദൃശ്യവിരുന്നായി മാറുകയാണ്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി, വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റിംഗ്: പ്രവീൺ കെ.എൽ., പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, വി.എഫ്.എക്സ്: എഗ്വൈറ്റ് വി.എഫ്.എക്സ് (സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ), കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം., പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, സ്റ്റിൽസ്: സായ് ശശാങ്ക്.