ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രക്രിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് പി.ടി. ഉഷ രംഗത്ത്. തന്നെ പുറത്താക്കാന്‍ വലിയ തട്ടിപ്പാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ അവര്‍, വിഷയത്തില്‍ പ്രധാനമന്ത്രിയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വോട്ടെടുപ്പില്‍ സമ്മര്‍ദമുണ്ടായെന്നും ഉഷ പരാതിപ്പെട്ടു.
നവംബര്‍ ഒന്‍പതിന് നടന്ന സ്‌പോര്‍ട്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് തിരഞ്ഞെടുപ്പിലാണ് വിവാദങ്ങളുടെ തുടക്കം. ആറ് വനിതകള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 53 വോട്ടുമായി അഞ്ജു ബോബി ജോര്‍ജ് ഒന്നാം സ്ഥാനത്തെത്തി. റാണി രാംപാല്‍, ദോള ബാനര്‍ജി, സൈന നെഹ്വാള്‍ എന്നിവരും വിജയിച്ചപ്പോള്‍, 40 വോട്ടുകള്‍ മാത്രം ലഭിച്ച പി.ടി. ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ദോള ബാനര്‍ജി വാട്‌സാപ്പിലൂടെ വോട്ട് അഭ്യര്‍ഥിച്ചെന്നും 'ന്യൂ ഭാരത് പാനല്‍' എന്ന പേരില്‍ നാല് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തിയെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്നുമാണ് പി.ടി. ഉഷയുടെ പ്രധാന ആരോപണം.
എന്നാല്‍, ഉഷയ്‌ക്കെതിരെയും ഗുരുതര പരാതികള്‍ ഉയര്‍ന്നിരുന്നു. ഐ.ഒ.എയുടെ ഔദ്യോഗിക സംവിധാനങ്ങളും വിഭവങ്ങളും തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ ഉപയോഗിച്ചെന്നും വോട്ടര്‍മാരെ ചില സ്ഥലങ്ങളില്‍ ഒരുമിച്ചുകൂട്ടാന്‍ ശ്രമിച്ചെന്നും മറുപക്ഷം ആരോപിച്ചു. എന്നാല്‍ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെയും എല്ലാ ചട്ടങ്ങളും പൂര്‍ണമായി പാലിച്ചുമാണ് നടത്തിയതെന്ന് റിട്ടേണിങ് ഓഫീസര്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവ വ്യക്തമാക്കി. വോട്ടെടുപ്പില്‍ ക്രമക്കേടോ കള്ളവോട്ടോ നടന്നിട്ടില്ലെന്നും ലഭിച്ച പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡിസംബര്‍ 5-ലെ ഭരണസമിതി തിരഞ്ഞെടുപ്പ് നിര്‍ണായകമാകും:
പി.ടി. ഉഷയുടെ തോല്‍വിയോടെ വരുന്ന ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എ ഭരണസമിതി തിരഞ്ഞെടുപ്പ് അതീവ നിര്‍ണായകമായിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൂട്ടിങ് താരം ഗഗന്‍ നരംഗിന്റെ പേരാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. ഒപ്പം സൈന നെഹ്വാളിന്റെയും അഞ്ജു ബോബി ജോര്‍ജിന്റെയും സാധ്യതകളും കായിക ലോകം തള്ളിക്കളയുന്നില്ല. ഗഗന്‍ നരംഗ് പ്രസിഡന്റാവുകയാണെങ്കില്‍ അഞ്ജു ബോബി ജോര്‍ജ് വൈസ് പ്രസിഡന്റായേക്കുമെന്നും സൂചനകളുണ്ട്.
'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പി.ടി. ഉഷ