വിഴിഞ്ഞം തുറമുഖം ഇനി സമ്പൂർണ EXIM കേന്ദ്രം; ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാര മേഖലയിൽ നിർണായക ചുവടുവെപ്പുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം ഇന്ന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
രാവിലെ 10.45ന് നടക്കുന്ന ചടങ്ങോടെ വിഴിഞ്ഞം രാജ്യാന്തര ചരക്കുനീക്കത്തിന്റെ പ്രധാന കവാടമായി മാറുന്നതിനുള്ള പുതിയ അധ്യായത്തിന് തുടക്കമാകും. അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് വളരെ അടുത്തുള്ള വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം കപ്പലുകൾക്ക് കുറഞ്ഞ വഴിതിരിവോടെ തുറമുഖത്തെത്താൻ സഹായിക്കുന്നതാണ്. യൂറോപ്യൻ വിപണികളിലേക്കുള്ള ചരക്കുനീക്കത്തിൽ നിലവിലെ റൂട്ടുകളേക്കാൾ സമയലാഭം നേടാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങൾ വഴി പാശ്ചാത്യ വിപണികളിലേക്ക് ചരക്കയക്കുന്ന കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞത്തിൽനിന്ന് നേരിട്ട് ചരക്കുകൾ അയക്കാനാകും. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് ചെലവിലും വലിയ കുറവുണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ഗോഡൗണുകൾ, കോൾഡ് സ്റ്റോറേജുകൾ, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ തുടങ്ങിയ അനുബന്ധ മേഖലകളിലും വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞത്തിൽനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്‌നർ തയ്യാറായിക്കഴിഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായ നിലമേൽ എക്സ്പോർട്സ് റെഡി-ടു-ഈറ്റ്, ഫ്രോസൺ ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ 4,040 കിലോഗ്രാം ചരക്കാണ് ആദ്യ കയറ്റുമതിക്കായി ബുക്ക് ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം EXIM പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനൊപ്പം കേരളത്തെ തുറമുഖ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇന്ന് തുടക്കമാകും. വി.ഡി. സതീശൻ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ലോഗോ പ്രകാശനം ചെയ്യും. ₹400 കോടിയുടെ ഉത്തേജക ഫണ്ടിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശം, തുറമുഖങ്ങൾ, റോഡ്-റെയിൽ-ജലഗതാഗത ശൃംഖലകൾ, വ്യവസായ മേഖലകൾ, പുതിയ നഗരങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ ആഗോള സമുദ്രവ്യാപാര ഭൂപടത്തിലെ പ്രധാന ശക്തിയാക്കി മാറ്റുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. വിഴിഞ്ഞത്തെ കേന്ദ്രീകരിച്ചുള്ള ‘പോർട്ട് സിറ്റി’ എന്ന വിശാല വികസന കാഴ്ചപ്പാടും പദ്ധതിയുടെ ഭാഗമാണ്.
വിഴിഞ്ഞം EXIM പ്രവർത്തനങ്ങളുടെ തുടക്കം കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്കും വ്യവസായ വളർച്ചയ്ക്കും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും അന്താരാഷ്ട്ര വിപണികളിലേക്ക് ചരക്കെത്തിക്കാനുള്ള അവസരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.