ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ വിപ്ലവകരമായ 'പ്രിയദർശിനി' പദ്ധതി തടയാൻ നോക്കിയ സ്വകാര്യ ബസ് ഉടമകൾക്ക് നിയമപരമായി തിരിച്ചടി. പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പൂർണ്ണമായി തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഇത്തരം ജനക്ഷേമ പദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും, പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് സർക്കാരിന്റെ പൂർണ്ണ വിവേചനാധികാരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്. എന്നാൽ പരാതി കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സിസിഐ ചെയർപേഴ്‌സൺ രവ്‌നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നിലവിൽ വന്നതോടെ യാത്രക്കാർ കുറഞ്ഞെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും കാണിച്ച് രണ്ട് സ്വകാര്യ ബസ് ഉടമകളാണ് കമ്മീഷനെ സമീപിച്ചത്. എന്നാൽ സ്വകാര്യ മേഖലയ്ക്ക് ഉണ്ടാകുന്ന വാണിജ്യപരമായ തിരിച്ചടികൾ സർക്കാരിന്റെ ക്ഷേമപദ്ധതികൾ തടയാനുള്ള കാരണമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതി തള്ളുകയായിരുന്നു. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയ സ്വകാര്യ ബസ് ഉടമകൾക്ക് സിസിഐയുടെ ഈ തീരുമാനം വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.