അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണം എട്ട് ജീവനക്കാരില്‍ മാത്രം ഒതുക്കിയോ എന്നും, ക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന ഭാരവാഹികളുടെ പങ്ക് കൃത്യമായി പരിശോധിച്ചിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും പൂര്‍ണ്ണമായ കണക്ക് പുറത്തുവിടണമെന്നും, ആരെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടി ആവശ്യപ്പെട്ടു.
കുറ്റപത്രത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സിലൂടെയാണ് (X) അന്വേഷണത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2026 ജൂണ്‍ നാലിന് ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന 2.25 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങള്‍ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് അയച്ചുകൊടുത്തിരുന്നുവെന്ന് രമേശ് ചൂണ്ടിക്കാട്ടി. തൊട്ടടുത്ത ദിവസം റായിയുടെ വസതിയില്‍ വെച്ച് ചമ്പത്ത് റായ്, അനില്‍ മിശ്ര, ഗോപാല്‍ ജി എന്നിവര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ നാല് മുതല്‍ ട്രസ്റ്റിലെ ഉന്നത ഭാരവാഹികളുടെ പക്കല്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, ജൂണ്‍ 25-ന് മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും, ഈ കാലതാമസം എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 13-ന് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായും, ജൂണ്‍ 16-നും 18-നും ഇടയില്‍ മൂന്ന് വ്യത്യസ്ത പരാതികള്‍ നല്‍കിയതായും ജയറാം രമേശ് വ്യക്തമാക്കി. തുടര്‍ന്ന് ജൂണ്‍ 23-ന് എസ്‌ഐടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ എട്ട് പേരെ തിരിച്ചറിയുകയും, രണ്ട് ദിവസത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മോഷണത്തിന്റെ തെളിവുകള്‍ സ്വീകരിക്കുന്നതിലും മോഷ്ടിക്കപ്പെട്ട പണവും ആഭരണങ്ങളും കണ്ടെടുക്കുന്നതിലും സാക്ഷിയായെന്ന പേരില്‍ ചമ്പത്ത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ പ്രതികള്‍ക്ക് പകരം സാക്ഷികളായി ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നും രമേശ് ചോദ്യം ചെയ്തു.
ക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഭാരവാഹികളുടെ പങ്ക് അന്വേഷണത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 304 മോഷണ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളും തീയതി തിരിച്ചുള്ള കണക്കുകളും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
2021-ലെ രാമക്ഷേത്ര ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും കോണ്‍ഗ്രസ് നേതാവ് വീണ്ടും ഉന്നയിച്ചു. രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി വെറും 10 മിനിറ്റിനുള്ളില്‍ 18.5 കോടി രൂപയ്ക്ക് ക്ഷേത്ര ട്രസ്റ്റിന് വിറ്റുവെന്നായിരുന്നു അന്നത്തെ ആരോപണം. ട്രസ്റ്റിന് വേണ്ടി ചമ്പത്ത് റായിയാണ് ഭൂമി ഇടപാട് നടത്തിയതെന്നും അനില്‍ മിശ്ര ഇടപാടില്‍ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭൂമിയിടപാടുകളെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും, 2021 ഡിസംബറില്‍ പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഈ വിഷയം ഉന്നയിച്ചിരുന്നതായും രമേശ് ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ പിന്നീട് ഒരു അന്വേഷണ സമിതിയെ നിയോഗിച്ചെങ്കിലും അതിന്റെ കണ്ടെത്തലുകള്‍ ഒരിക്കലും പുറത്തുവിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം പുനരാരംഭിച്ചതായും ചമ്പത്ത് റായിയെ ചോദ്യം ചെയ്യുന്നതായും 2026 ജൂലൈയില്‍ വന്ന റിപ്പോര്‍ട്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും പുതിയ കുറ്റപത്രത്തിന്റെ ഭാഗമായി ഈ ഭൂമിയിടപാടുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നും, നേരത്തെ നടന്ന അന്വേഷണത്തിന് ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മോഷണ ആരോപണങ്ങള്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുണ്ടായ കാലതാമസം, തെളിവുകള്‍ കൈകാര്യം ചെയ്ത രീതി, മുതിര്‍ന്ന ട്രസ്റ്റ് ഭാരവാഹികളുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. അന്വേഷണം പ്രതികളാക്കപ്പെട്ട എട്ട് ജീവനക്കാരില്‍ മാത്രം ഒതുക്കരുതെന്നും, അന്വേഷണ കണ്ടെത്തലുകള്‍ നേരിട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജൂണ്‍ 25-ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്.