'രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്' എന്ന സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ റദ്ദാക്കണമെന്നും പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. രാവണനെ മഹത്വവത്കരിക്കാന്‍ ചിത്രം ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. വാല്മീകി രാമായണത്തിലെ പല ഭാഗങ്ങളും വളച്ചൊടിച്ചുവെന്നും കെട്ടിച്ചമച്ച സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നും പ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കിയെന്നും വി.എച്ച്.പി ജനറല്‍ സെക്രട്ടറി ബജ്‌റംഗ് ലാല്‍ ബഗ്ര പ്രസ്താവനയില്‍ ആരോപിച്ചു.
ഇതിഹാസത്തെ വികൃതമാക്കാനും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് സിനിമയിലൂടെ നടന്നതെന്ന് ബഗ്ര കുറ്റപ്പെടുത്തി. അഹല്യാമോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ ഭാഗങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്ന ശ്രീരാമന്റെ ദൗത്യത്തെ, ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള വ്യക്തിപരമായ പ്രതികാരപ്പോരാട്ടമായി മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരിയായ രാവണനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനായി മഹത്വവത്കരിച്ച് രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ബഗ്ര ആരോപിച്ചു. അറിവും ശക്തിയും ഉണ്ടായിരുന്നിട്ടും അഹങ്കാരം മൂലം എല്ലാവരെയും ഭയപ്പെടുത്തിയ അധാര്‍മികനായിരുന്നു രാവണനെന്ന് എല്ലാ രാമായണ പതിപ്പുകളിലും വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസപരമായ അടിത്തറയ്ക്ക് നേരെയുള്ള ഈ ആക്രമണം ഹിന്ദു സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മല്‍ഹോത്രയും യഷും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം നവംബര്‍ അഞ്ചിനാണ് റിലീസ് ചെയ്തത്; രണ്ടാംഭാഗം 2028-ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്