നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നു. തിയേറ്ററുകളിലെത്തി വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ 1264 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി സ്വന്തമാക്കിയത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ, പാൻ-ഇന്ത്യൻ സൂപ്പർ താരം യഷ് ആണ് രാവണനായി വേഷമിടുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി (DNEG), യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ഈ ദൃശ്യവിസ്മയം പുറത്തിറങ്ങിയത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണവും ധർമ്മ പ്രൊഡക്ഷൻസ് ഉത്തരേന്ത്യൻ വിതരണവും നിർവഹിക്കുന്നു.
ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ വൻ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിനായി അണിനിരക്കുന്നത്. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്ക് ഇരട്ടിമധുരമാകുന്നു. പഴയ ടെലിവിഷൻ പരമ്പരയിലൂടെ ശ്രീരാമനായി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിലുണ്ട്. ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ആഗോള റെക്കോർഡുകൾ സൃഷ്ടിച്ച നിതേഷ് തിവാരിയുടെ സംവിധാനവും ശ്രീധർ രാഘവന്റെ തിരക്കഥയും ചിത്രത്തിന് കരുത്തേകുന്നു. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൊജക്ടുകളിൽ ഒന്നാണ്.
ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി