നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയില്‍ എത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. നേപ്പാളില്‍ ചൈനയുടെ സ്വാധീനം ഏറിവരുന്ന സാഹചര്യത്തില്‍, പുതിയ സര്‍ക്കാരുമായി അടുത്ത ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നടന്ന ശക്തമായ 'ജെന്‍-സി' പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ്, റാപ്പറില്‍ നിന്ന് രാഷ്ട്രീയനേതാവായി മാറിയ 36-കാരനായ ബാലന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. 34 അംഗ ഔദ്യോഗിക സംഘത്തോടൊപ്പമെത്തുന്ന ഷാ, ഇന്ന് വൈകിട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുകയും ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അദ്ദേഹം നിര്‍ണായക ചര്‍ച്ചകള്‍ നടത്തും.
വ്യാപാരം, അടിസ്ഥാനസൗകര്യ വികസനം, അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയ്‌ക്കൊപ്പം സാമ്പത്തിക സഹായവും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാകും. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ഏകദേശം 500 കോടി ഡോളറാണ് നേപ്പാള്‍ കണക്കുകൂട്ടുന്നത്. ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയൊരു സാമ്പത്തിക സഹായ പാക്കേജ് നേപ്പാള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഊര്‍ജ സഹകരണം, വ്യോമപാത എന്നിവയും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇടംപിടിക്കും. നേപ്പാളില്‍ നിന്ന് 1,200 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടാകും. ഇതിനൊപ്പം ഇരു രാജ്യങ്ങളുടെയും ഊര്‍ജ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും ഇരു പ്രധാനമന്ത്രിമാരും നിര്‍വ്വഹിക്കും.
നേപ്പാളിലെ പുതിയ വിമാനത്താവളങ്ങളിലേക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്ന് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കൂടുതല്‍ പ്രവേശന പാതകള്‍ അനുവദിക്കണമെന്ന് നേപ്പാള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച ഈ വിമാനത്താവളങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കകളുണ്ടെങ്കിലും, ഇവയുടെ ലാഭകരമായ പ്രവര്‍ത്തനത്തിന് വ്യോമപാതകള്‍ അത്യാവശ്യമാണെന്നാണ് നേപ്പാളിന്റെ നിലപാട്. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ വൈകിട്ടോടെ ബാലന്‍ ഷാ നേപ്പാളിലേക്ക് മടങ്ങും.
ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമായി നാളെ കൂടിക്കാഴ്ച