തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളും എഴുത്തുകാരിയുമായ ഇ.എം. രാധ (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം. നിലവില്‍ സംസ്ഥാന വയോജന കമീഷന്‍ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന രാധ, സംസ്ഥാന വനിതാ കമീഷന്‍ മുന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സി.പി.എം അംഗമായിരുന്ന അവര്‍ 'ദേശാഭിമാനി'യുടെ തിരുവനന്തപുരം യൂണിറ്റില്‍ രണ്ടര പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. 1988-ല്‍ സീനിയര്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാധ, സര്‍ക്കുലേഷന്‍ അസിസ്റ്റന്റ് മാനേജര്‍, കാഷ്യര്‍, പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ എന്നീ പദവികള്‍ വഹിച്ച ശേഷം 2012-ല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മാനേജരായാണ് വിരമിച്ചത്.
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും അവകാശങ്ങള്‍ക്കായി പൊതുരംഗത്ത് സജീവമായി ഇടപെട്ടു. പിതാവ് ഇ.എം.എസിനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും കോര്‍ത്തിണക്കി രചിച്ച 'ഇ.എം.എസ് - മകളുടെ ഓര്‍മകള്‍' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തനാണ് ഭര്‍ത്താവ്. മകന്‍: സിദ്ധാര്‍ഥ് ഗുപ്തന്‍. മരുമകള്‍: സ്‌നേഹപ്രിയ. പരേതരായ ഡോ. മാലതി ദാമോദരന്‍, ഇ.എം. ശ്രീധരന്‍, എസ്. ശശി എന്നിവര്‍ സഹോദരങ്ങളാണ്.
ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു