ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡെസ് വെഹിക്കിള്‍സ് ആന്‍ഷന്‍സ് (FIVA) നല്‍കുന്ന 'വേള്‍ഡ് വെഹിക്കിള്‍ ഹെറിറ്റേജ്' പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കാര്‍ എന്ന ചരിത്രനേട്ടം മാരുതി 800-ന് സ്വന്തം. ആഗോളതലത്തില്‍ ചരിത്രപ്രാധാന്യമുള്ള 21 വാഹനങ്ങളുടെ പട്ടികയിലേക്കാണ് മാരുതി 800 തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ-രാജ്യാന്തര മോട്ടോറിങ് പൈതൃകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഫിവ ഈ ബഹുമതി നല്‍കുന്നത്.
സമ്പന്നരുടെ ആഡംബര ചിഹ്നമായിരുന്ന കാറുകളെ ഇന്ത്യയിലെ സാധാരണക്കാരിലേക്ക് എത്തിച്ചത് മാരുതി 800-ന്റെ വരവോടെയായിരുന്നു. ഇന്ത്യന്‍ വിപണിയിലെ ആദ്യ ആധുനിക കാറായി വിശേഷിപ്പിക്കാവുന്ന ഈ മോഡല്‍, പതിറ്റാണ്ടുകളോളം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വാഹനസ്വപ്നങ്ങള്‍ക്ക് ചിറകേകി. ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായി വളര്‍ന്നതിന് പിന്നില്‍ മാരുതി 800 വഹിച്ച പങ്ക് നിര്‍ണായകമാണ്.
ഇന്ത്യയില്‍ നിരത്തിലിറങ്ങിയ ആദ്യ സ്വകാര്യ മാരുതി കാറായ 'മാരുതി 800 എസ്എസ്80' (SS80) മോഡലിനാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 'ഡിഐഎ 6479' (DIA 6479) എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഈ കാര്‍, 1983 ഡിസംബര്‍ 14-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഉടമയായ ഹര്‍പാല്‍ സിങ്ങിന് കൈമാറിയത്. നറുക്കെടുപ്പിലൂടെ ഈ അപൂര്‍വ ഭാഗ്യം നേടിയ ഡല്‍ഹി സ്വദേശി ഹര്‍പാല്‍ സിങ്, അന്ന് 48,000 രൂപയ്ക്കാണ് കാര്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ വിപണിയിലെ ആദ്യ ഫ്രണ്ട് വീല്‍ ഡ്രൈവ് കാറുകളിലൊന്നായ മാരുതി 800, ഉള്ളില്‍ കൂടുതല്‍ സ്ഥലസൗകര്യവും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കി സാധാരണക്കാരുടെ പ്രിയങ്കരനായി. വിദേശത്തേക്ക് കയറ്റുമതി ചെയ്ത ആദ്യ ഇന്ത്യന്‍ കാറുകളിലൊന്നും ഇതായിരുന്നു. 2010-ല്‍ ഹര്‍പാല്‍ സിങ് അന്തരിക്കുന്നതുവരെ അദ്ദേഹത്തിന്റെ പക്കലായിരുന്ന ഈ വാഹനം, 2017-ല്‍ മാരുതി സുസുക്കി ഏറ്റെടുത്തു. നിലവില്‍ ന്യൂഡല്‍ഹിയിലെ മാരുതി സുസുക്കി ആസ്ഥാനത്ത് ഈ ചരിത്രവാഹനം അതീവ ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്നു.
796 സിസി, ഇന്‍ലൈന്‍ 3-സിലിണ്ടര്‍ വാട്ടര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനായിരുന്നു 1983-ലെ എസ്എസ്80 മോഡലിന് കരുത്തേകിയിരുന്നത്. 39.5 ബിഎച്ച്പി കരുത്തും 59 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എന്‍ജിനില്‍ 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായി 21 വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന റെക്കോര്‍ഡും മാരുതി 800-ന്റെ പേരിലാണ്. പുതിയ മോഡലുകളുടെ വരവും കര്‍ശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങളും കാരണം 2014-ല്‍ ഉത്പാദനം അവസാനിപ്പിച്ചെങ്കിലും, ഇന്ത്യക്കാരുടെ മനസ്സില്‍ ഇന്നും മാരുതി 800-ന് പകരക്കാരനില്ല.
അമേരിക്ക, ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള വാഹനങ്ങള്‍ക്കൊപ്പമാണ് മാരുതി 800 ഇടംപിടിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള 1926 ബുഗാട്ടി റോയല്‍, സൈപ്രസില്‍ നിന്നുള്ള 1965 മെഴ്‌സിഡീസ് ബെന്‍സ്, ബ്രസീലില്‍ നിന്നുള്ള 1959 റോമി ഇസേട്ട എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 21 വിഖ്യാത മോഡലുകളാണ് ഈ പട്ടികയിലുള്ളത്.