Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡിഫൻഡറിനോട് സാമ്യമുള്ള രൂപം, 1,100 കിലോമീറ്റർ റേഞ്ച്; ഇന്ത്യൻ വിപണി പിടിക്കാൻ 'കോംബാറ്റ്' എസ്‌യുവിയുമായി ജെഎസ്ഡബ്ല്യു

ഡിഫൻഡറിനോട് സാമ്യമുള്ള രൂപം, 1,100 കിലോമീറ്റർ റേഞ്ച്; ഇന്ത്യൻ വിപണി പിടിക്കാൻ 'കോംബാറ്റ്' എസ്‌യുവിയുമായി ജെഎസ്ഡബ്ല്യു

ഇന്ത്യൻ വാഹന വിപണിയിലേക്ക് സ്വന്തം കാർ ബ്രാൻഡുമായി ചുവടുവെക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു. റിപ്പോർട്ടുകൾ പ്രകാരം ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഡിസംബർ 3-ന് തങ്ങളുടെ പുതിയ പാസഞ്ചർ വാഹന നിര അവതരിപ്പിക്കും. 'കോംബാറ്റ്' (Combat) എന്ന പേരിലായിരിക്കും കമ്പനിയുടെ ആദ്യ എസ്‌യുവി വിപണിയിലെത്തുക എന്നാണ് സൂചന. ചൈനീസ് വാഹന നിർമ്മാതാക്കളായ ചെറിയുമായി (Chery) കൈകോർത്താണ് ജെഎസ്ഡബ്ല്യു ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ശ്രദ്ധേയമായ 'ജെറ്റൂർ ടി2' (Jetour T2) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് കോംബാറ്റ് നിർമ്മിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ എത്തുന്ന ഈ വാഹനത്തിന് ഫുൾ ടാങ്കിൽ ഏകദേശം 1,100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പരുക്കൻ എസ്‌യുവി ഡിസൈൻ

അന്താരാഷ്ട്ര വിപണിയിലുള്ള ജെറ്റൂർ ടി2 മോഡലിന് ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഡിസൈനിലും ബ്രാൻഡിങ്ങിലും ചെറിയ മാറ്റങ്ങൾ വരുത്തിയാകും കോംബാറ്റ് എന്ന പേരിൽ അവതരിപ്പിക്കുക. ബോക്സി രൂപകൽപ്പനയും കരുത്തുറ്റ ഓഫ്-റോഡ് എസ്‌യുവി ഭാവവുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. വലിയ ഫ്രണ്ട് ഗ്രിൽ, സ്മോക്ക്ഡ് ഹെഡ്‌ലാമ്പുകൾ, മസ്കുലർ ബമ്പർ എന്നിവ മുൻഭാഗത്തിന് ഗാംഭീര്യം നൽകുന്നു. വീൽ ആർച്ചുകളിലും ഫെൻഡറുകളിലും നൽകിയിരിക്കുന്ന കട്ടിയുള്ള ക്ലാഡിങ്ങുകൾ വാഹനത്തിന്റെ പരുക്കൻ ഭാവം വർധിപ്പിക്കുന്നു. പിൻഭാഗത്ത് എൽഇഡി ടെയിൽലാമ്പുകൾ, ലംബമായ ടെയിൽഗേറ്റ്, പുറത്ത് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയും ഇടംപിടിക്കും. ചില കോണുകളിൽ നിന്ന് നോക്കുമ്പോൾ ലാൻഡ് റോവർ ഡിഫൻഡറിനോട് സാമ്യം തോന്നുന്ന രൂപകൽപ്പനയാണ് കോംബാറ്റിന്റേത്.


വലുപ്പത്തിലും കരുത്തൻ

അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ജെറ്റൂർ ടി2 മോഡലിന് 4,785 എംഎം നീളവും 2,005 എംഎം വീതിയും 1,875 എംഎം ഉയരവുമുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന 2,800 എംഎം വീൽബേസും, ദുർഘട പാതകൾ താണ്ടാൻ സഹായിക്കുന്ന 220 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഈ വാഹനത്തിനുണ്ട്. ഇന്ത്യൻ വിപണിയിലെത്തുന്ന കോംബാറ്റിലും സമാനമായ അളവുകൾ തന്നെയായിരിക്കും കമ്പനി നിലനിർത്തുക.


ഫീച്ചറുകളിലും സുരക്ഷയിലും മുന്നിൽ

ആധുനിക സാങ്കേതികവിദ്യകളും ആഡംബര ഫീച്ചറുകളും നിറഞ്ഞ ക്യാബിനായിരിക്കും കോംബാറ്റിന്റേത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, 15.6 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് അകത്തളത്തിലെ പ്രധാന ആകർഷണങ്ങൾ. എസി ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങൾ ഈ ടച്ച്‌സ്‌ക്രീൻ വഴി നിയന്ത്രിക്കാനാകും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജിങ്, പനോരമിക് സൺറൂഫ്, വിവിധ ടെറൈൻ മോഡുകൾ, ഒന്നിലധികം ഡ്രൈവിങ് മോഡുകൾ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ് (ABS), ലെവൽ 2 അഡാസ് (ADAS) തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.


പ്ലഗ്-ഇൻ ഹൈബ്രിഡ് എൻജിനും 1,100 കിലോമീറ്റർ റേഞ്ചും

പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായാണ് (PHEV) ജെഎസ്ഡബ്ല്യു കോംബാറ്റ് നിരത്തിലെത്തുക. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോർ, ബാറ്ററി പാക്ക് എന്നിവ ചേർന്നതാണ് ഇതിന്റെ പവർട്രെയിൻ. 18.4 കിലോവാട്ട് അവർ മുതൽ 26.7 കിലോവാട്ട് അവർ വരെ ശേഷിയുള്ള ബാറ്ററി ഓപ്ഷനുകൾ ലഭ്യമായേക്കും. ബാറ്ററി കരുത്തിൽ മാത്രം ഏകദേശം 90 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. എൻജിനും ഹൈബ്രിഡ് സംവിധാനവും ചേർന്ന് 380 ബിഎച്ച്പി കരുത്തും 610 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പെട്രോൾ എൻജിനും ബാറ്ററിയും സംയുക്തമായി പ്രവർത്തിക്കുമ്പോൾ ഫുൾ ടാങ്കിൽ ഏകദേശം 1,100 കിലോമീറ്റർ വരെ മൊത്തം റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.


വിലയും ലോഞ്ചും

ഡിസംബർ 3 അല്ലെങ്കിൽ 4 തീയതികളിൽ ജെഎസ്ഡബ്ല്യു കോംബാറ്റ് ഔദ്യോഗികമായി അവതരിപ്പിക്കുമെങ്കിലും വാഹനത്തിന്റെ ഉപഭോക്തൃ ഡെലിവറി 2027-ലായിരിക്കും ആരംഭിക്കുക. ഇതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ജെഎസ്ഡബ്ല്യുവിന്റെ നിർമ്മാണശാലയിലായിരിക്കും ഈ എസ്‌യുവി അസംബിൾ ചെയ്യുക. ഏകദേശം 25 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും, കരുത്തുറ്റ ഓഫ്-റോഡ് ഡിസൈനും, ദീർഘദൂര റേഞ്ചും ഒത്തുചേരുന്ന കോംബാറ്റ് എത്തുന്നതോടെ ഇന്ത്യൻ എസ്‌യുവി വിപണിയിൽ പുതിയൊരു മത്സരത്തിന് തുടക്കമാകും. എങ്കിലും വിലയും കൃത്യമായ സാങ്കേതിക സവിശേഷതകളും അറിയാൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം.

Related articles

See all
Popular News

80 കി.മീ റേഞ്ചും സ്മാർട്ട് ഫീച്ചറുകളുമായി പുതിയ വെസ്പ ഇവികൾ; ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ...

Popular News

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അ...

Popular News

തട്ടിപ്പല്ല സത്യം! ലാന്റ് റോവർ ഡിഫൻഡറിന് 34 ലക്ഷം രൂപ വരെ വില കുറഞ്ഞു

Popular News

70,000 കടന്ന് ബുക്കിങ്, ഹെലികോപ്റ്റർ ഡിസൈൻ: അൾട്രാവയലറ്റ് ടെസരാകറ്റ് വിപണിയിലേക്ക്

Save your stories

Sign in