ഐപിഎൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഫ്രാഞ്ചൈസികളുടെ ഭാഗത്തുനിന്നും നിർണ്ണായക ട്രേഡ് നീക്കങ്ങൾ. ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമിയും ഇടങ്കയ്യൻ സ്പിന്നർ എം. സിദ്ധാർത്ഥും ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറി. പകരമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ രാജസ്ഥാനിൽ നിന്ന് ലഖ്നൗവിലേക്കും കൂടുമാറി. ലഖ്നൗവിൽ ലഭിച്ചിരുന്ന 10 കോടി രൂപ പ്രതിഫലത്തിൽ നിന്ന് രണ്ട് കോടി കുറച്ച്, എട്ട് കോടി രൂപയ്ക്കാണ് ഷമി രാജസ്ഥാൻ റോയൽസിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ നാല് സീസണുകളിൽ ഷമി കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണിത്. 2022 മുതൽ 2024 വരെയുള്ള മൂന്ന് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിച്ച താരം, 2025-ൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായി. തുടർന്ന് 2026-ൽ ട്രേഡിലൂടെ ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തിയ ഷമി, ഇപ്പോഴിതാ പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ്. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ട ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നാണ് സാം കറൻ രാജസ്ഥാനിൽ എത്തിയത്. എന്നാൽ പരിക്കുമൂലം കഴിഞ്ഞ സീസണിൽ മുഴുവനായി കളിക്കാൻ സാധിക്കാതിരുന്ന കറൻ ഇപ്പോൾ ടീം വിടുകയാണ്. രാജസ്ഥാനിൽ ലഭിച്ചിരുന്ന അതേ പ്രതിഫലമായ 2.4 കോടി രൂപയ്ക്ക് തന്നെയാണ് താരം ലഖ്നൗവിലും കളിക്കുക. ഷമിക്കൊപ്പം ലഖ്നൗവിൽ നിന്ന് രാജസ്ഥാനിലേക്ക് മാറുന്ന എം. സിദ്ധാർത്ഥിന് നിലവിലെ പ്രതിഫലമായ 75 ലക്ഷം രൂപ തന്നെ തുടര്‍ന്നും ലഭിക്കും.
അതിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാണ് മുഹമ്മദ് ഷമി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. 13 വർഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഷമിയുടെ വിരമിക്കൽ പ്രഖ്യാപനം. 2013 നവംബർ ആറിന് ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയ ഷമി, 64 മത്സരങ്ങളിൽ നിന്നായി 229 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് താരം അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്നും ഷമി വ്യക്തമാക്കിയിട്ടുണ്ട്.
ഷമിയും സിദ്ധാര്‍ത്ഥും രാജസ്ഥാനിലേക്ക്; പകരമായി ലഖ്നൗവിലേക്കെത്തി സാം കറൻ