തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു. വയോജന ക്ഷേമ വകുപ്പും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും (CMD) സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്.
വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്, സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍:
വിവരശേഖരണം: 60 വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യം, സാമ്പത്തികം, സാമൂഹിക പശ്ചാത്തലം, ദൈനംദിന ജീവിതസാഹചര്യങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തും.
ക്ഷേമ പദ്ധതി ഉറപ്പാക്കല്‍: നിലവിലെ സാമൂഹ്യസുരക്ഷാ പദ്ധതികളിലെ അപാകതകളും സേവന ലഭ്യതയിലെ കുറവുകളും കണ്ടെത്തുക.
ഭാവി നയരൂപീകരണം: ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് വയോജനങ്ങള്‍ക്കായി തെളിവധിഷ്ഠിതമായ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3,000 ത്തോളം അഭിമുഖങ്ങള്‍ നടത്തിയാണ് സര്‍വേ നടത്തുന്നത്. പ്രായവിഭാഗങ്ങള്‍ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകള്‍ (നഗരം, അര്‍ദ്ധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയന്റിഫിക് മള്‍ട്ടി സ്‌റ്റേജ് റാന്‍ഡം സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാമ്പിള്‍ ശേഖരണം നടത്തുന്നത്. വിവരശേഖരണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് വയോജന ക്ഷേമ വകുപ്പിന് സമര്‍പ്പിക്കും.