കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 18-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'പ്രേമലു' ഫെയിം അഖിലാ ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് പ്രമുഖ നടി നിലീൻ സാന്ദ്രയാണ്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന കേന്ദ്രകഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരവും ആവേശകരവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ "പ്രാക്ക്" എന്ന ഗാനവും ടീസറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഖിൽ സേവ്യർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദ് സംഗീതവും നിക്സൺ ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.