Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഓണസദ്യയിലെ ‘സ്റ്റാർട്ടർ’ ഹിറ്റുകൾ; ചിപ്‌സിനും ശർക്കര ഉപ്പേരിക്കുമായി കോടികളുടെ കച്ചവടം

ഓണസദ്യയിലെ ‘സ്റ്റാർട്ടർ’ ഹിറ്റുകൾ; ചിപ്‌സിനും ശർക്കര ഉപ്പേരിക്കുമായി കോടികളുടെ കച്ചവടം

കൊച്ചി: ഓണസദ്യയ്ക്ക് തൂശനില വിരിയുമ്പോൾ ആദ്യം ഇടംപിടിക്കുന്ന വിഭവങ്ങളാണ് ഏത്തയ്ക്ക ചിപ്‌സും ശർക്കര ഉപ്പേരിയും. സദ്യയിലെ രുചിമേളത്തിന് തുടക്കമിടുന്ന ഈ ‘സ്റ്റാർട്ടർ’ വിഭവങ്ങൾക്ക് ഓണക്കാലത്ത് വിപണിയിൽ വൻ ഡിമാൻഡാണ്. പ്രീമിയം നിലവാരമുള്ള ഏത്തയ്ക്ക ചിപ്‌സിന് കിലോയ്ക്ക് 560 രൂപ വരെയും ശർക്കര ഉപ്പേരിക്ക് 520 രൂപ വരെയുമാണ് നിലവിലെ വില.

ഓണസദ്യയിലെ പ്രധാന വിഭവമായ മുറിച്ച ചിപ്‌സിന് അഥവാ കായ ഉപ്പേരിക്ക് കിലോയ്ക്ക് 600 രൂപയ്ക്ക് മുകളിലാണ് വില. വ്യാപാരസ്ഥാപനവും ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ചിപ്‌സും ശർക്കര ഉപ്പേരിയും മാത്രമായി കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.

ഓണക്കാലത്ത് വീടുകളിൽ തന്നെ ചിപ്‌സും ശർക്കര ഉപ്പേരിയും തയ്യാറാക്കുന്ന പതിവ് കുറഞ്ഞതോടെ കടകളിലെ വിൽപ്പന വർധിച്ചിട്ടുണ്ട്. തിരക്കേറിയ ചില കടകൾ ഓണം സീസണിൽ മാത്രം 1.25 ടൺ വരെ ചിപ്‌സിന്റെയും ഉപ്പേരിയുടെയും വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിൽ നാല് ഔട്ട്‌ലെറ്റുകളുള്ള ഒരു ബേക്കറി ശൃംഖല ഓണം സീസണിൽ അഞ്ച് ടണ്ണിന്റെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മാസങ്ങളിൽ നാല് ഔട്ട്‌ലെറ്റുകളിലുമായി പ്രതിദിനം ശരാശരി 500 കിലോയുടെ വിൽപ്പനയാണ് നടക്കുന്നത്.

കേരളത്തിന് സമീപമുള്ള സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഓണക്കാലത്ത് കേരളത്തിന്റെ ചിപ്‌സും ശർക്കര ഉപ്പേരിയും എത്തുന്നുണ്ട്. രാജസ്ഥാനിലെ ജയ്പുരിലും വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ഗുവാഹാട്ടിയിലും വരെ ഇത്തവണ ആവശ്യക്കാരുണ്ട്.ചിപ്‌സും ഉപ്പേരിയും ചേർന്ന് ഏകദേശം 700 കിലോയോളം ഇതുവരെ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചതായി കോഴിക്കോട് കെ.എൻ. ട്രേഡേഴ്‌സ് ഉടമ ബിബിൽ കുമാർ പറഞ്ഞു.

ഓണക്കാലത്തിന് രണ്ടാഴ്ച മുമ്പുതന്നെ ചിപ്‌സിന്റെയും ഉപ്പേരിയുടെയും വ്യാപാരം സജീവമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ തുടങ്ങിയ ഇടങ്ങളിലെ ഓണാഘോഷ പരിപാടികളിലേക്കുള്ള ഓർഡറുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. കൊച്ചി കടവന്ത്രയിലെ വറവ്കട ചിപ്‌സ് ആൻഡ് ബേക്കറി ഉടമ പി.എസ്. നൗഫലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് ഏകദേശം 1,000 കിലോയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഒന്നിലധികം ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങൾ ശരാശരി 50 കിലോ വീതമാണ് ഓർഡർ നൽകുന്നത്.

ഈ ആഴ്ചയോടെ സ്ഥാപനങ്ങളിലെ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ വീടുകളിലേക്കുള്ള വിൽപ്പന കൂടുതൽ സജീവമാകും. ഉത്രാടത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ചിപ്‌സിനും ശർക്കര ഉപ്പേരിക്കുമുള്ള വിൽപ്പന ഏറ്റവും ശക്തമാകുന്നത്.പച്ചക്കായയുടെയും വെളിച്ചെണ്ണയുടെയും വിലയിലെ മാറ്റം ചിപ്‌സിന്റെയും ഉപ്പേരിയുടെയും വിലയിലും നേരിട്ട് പ്രതിഫലിക്കും. നാടൻകായയുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നെത്തുന്ന പച്ചക്കായയാണ് നിലവിൽ വ്യാപകമായി ഉപയോഗിക്കുന്നത്.

പച്ചക്കായയുടെ മൊത്തവില കിലോയ്ക്ക് 65 മുതൽ 70 രൂപ വരെയാണ്. ദിവസേന 800 കിലോ വരെ പച്ചക്കായ ഉപയോഗിക്കുന്ന കടകളുമുണ്ട്. ചിപ്‌സും ഉപ്പേരിയും വറുക്കുന്നതിനായി ചില സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ 400 ലിറ്ററിലധികം വെളിച്ചെണ്ണയും ആവശ്യമായി വരുന്നു. ഓണസദ്യയിലെ ചെറിയൊരു വിഭവമെന്നതിലുപരി, ഓണക്കാലത്ത് വലിയൊരു വ്യാപാരമേഖലയായി മാറുകയാണ് ഏത്തയ്ക്ക ചിപ്‌സും ശർക്കര ഉപ്പേരിയും.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in