രാഹുൽ ഗാന്ധിക്കെതിരായ എഫ്ഐആർ; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിട്ട ജാതി വിവേചനത്തില്‍ ബിജെപി പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്വന്തം കുറ്റം മറയ്ക്കാന്‍ മറ്റുള്ളവരെ പഴി ചാരുന്ന സമീപനമാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു. ഖാർഗെയുടെ റാലിക്ക് ശേഷം നടന്ന ‘ശുദ്ധീകരണ’ നടപടിക്ക് ഉത്തരവാദികളായ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ ബിജെപി തന്നെ പ്രതിരോധവുമായി രംഗത്തെത്തിയത് കൂടുതൽ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജാതിവിവേചനപരമായ ഇത്തരം പെരുമാറ്റങ്ങൾക്ക് ബിജെപി പിന്തുണ നൽകുന്നതിലൂടെ രാജ്യത്തെ സാമൂഹികനീതിയുടെ ഏറ്റവും വലിയ ലംഘകരാണ് തങ്ങളെന്ന് അവർ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ്” - കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഭരണകൂടത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹികനീതിയുടെ മൂല്യങ്ങൾക്കെതിരായ ആക്രമണമാണ് ബിജെപി നടത്തുന്നതെന്നും, ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.