ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിൽ; രാജഗിരി കോളജിലെ ചടങ്ങിൽ പങ്കെടുക്കും
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നാലിന് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിൽ നടക്കുന്ന രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി–അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ഇന്നലെ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന അദ്ദേഹം കേന്ദ്ര ഫിഷറീസ് മന്ത്രാലയം അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ‘മിഷൻ രംഗീൻ മഛ്ലി 2031’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും.
അഗത്തിയിലെ പരിപാടികൾക്കുശേഷം ഉച്ചയ്ക്ക് ഒന്നോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി റോഡ് മാർഗം കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്ക് പോകും. രാജഗിരിയിലെ ചടങ്ങുകൾക്കുശേഷം റോഡ് മാർഗം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാത്രി ഡൽഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിനായി അധികസേനയെയും നിയോഗിച്ചിട്ടുണ്ട്.
വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സുരക്ഷയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്.
രാജഗിരി കോളജിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം. ജോൺ തുടങ്ങിയവരും പങ്കെടുക്കും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.