Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 14 വര്‍ഷത്തെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന് നിര്‍ണായക വിധി. സി.പി.എം നേതാക്കളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരടക്കം 31 പ്രതികളുടെ വിധിയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് പ്രസ്താവിക്കുന്നത്. പാര്‍ട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം ഉയര്‍ന്ന കേസില്‍, ലോക്കല്‍ പോലീസില്‍ നിന്ന് സി.ബി.ഐയിലേക്ക് നീണ്ട അന്വേഷണത്തിന്റെയും വിചാരണയുടെയും നാള്‍വഴികളിലൂടെ ഒന്ന് കണ്ണോടിക്കാം.

ഷുക്കൂര്‍ വധക്കേസിലെ നാള്‍വഴികള്‍;

കൊലപാതകവും തുടക്കവും (2012 ഫെബ്രുവരി 20):

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെടുന്നത്. അന്നത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും എം.എല്‍.എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്തുള്ള വയലില്‍ വെച്ച് ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം, മൊബൈല്‍ ഫോണ്‍ വഴി ചിത്രങ്ങള്‍ അയച്ച് ആളെ ഉറപ്പുവരുത്തി പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സക്കരിയയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

പ്രാഥമിക അന്വേഷണവും അറസ്റ്റുകളും (2012 മാര്‍ച്ച് - ജൂലൈ):

സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ്, 2012 മാര്‍ച്ച് ഒന്നിന് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 22-ന് 18 പേരടങ്ങുന്ന ആദ്യ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.വി. സുമേഷ്, പി. ഗണേശന്‍, സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണു എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായി. ജൂണ്‍ രണ്ടിന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിത്തിന്റെ ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ നിന്ന് പോലീസ് കണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി.

നേതാക്കളിലേക്കുള്ള അന്വേഷണം (2012 ജൂണ്‍ - ഓഗസ്റ്റ്):

അന്വേഷണം പുരോഗമിച്ചതോടെ ഗൂഢാലോചന കുറ്റം ആരോപിച്ച് സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇരുവരുടെയും അറിവോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നായിരുന്നു ആരോപണം. പലതവണ ചോദ്യം ചെയ്തതിന് ശേഷം 2012 ഓഗസ്റ്റ് ഒന്നിന് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഓഗസ്റ്റ് ഏഴിന് ടി.വി. രാജേഷ് എം.എല്‍.എ കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി. ഇരുവരും പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.

സി.ബി.ഐ അന്വേഷണവും കുറ്റപത്രവും (2016 - 2019):

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി എട്ടിന് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടത്തിയ സി.ബി.ഐ, 2019 ഫെബ്രുവരി 11-ന് പി. ജയരാജനെ 32-ാം പ്രതിയായും ടി.വി. രാജേഷിനെ 33-ാം പ്രതിയായും ഉള്‍പ്പെടുത്തി, കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന ഇരുവരുടെയും ഹര്‍ജികള്‍ പിന്നീട് കോടതി തള്ളിയിരുന്നു.

നീണ്ട വിചാരണയും കോടതി വിധിയും (2025 - 2026):

കേസിലെ ആകെ 33 പ്രതികളില്‍ വിചാരണയ്ക്കിടെ രണ്ട് പേര്‍ മരണപ്പെട്ടതോടെ 31 പേരാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ നേരിട്ടത്. 2025 മെയ് അഞ്ചിന് ആരംഭിച്ച വിചാരണ നടപടികള്‍ 17 മാസത്തോളം നീണ്ടുനിന്നു. ഇതിനിടെ ഗൂഢാലോചന തെളിയിക്കാന്‍ നിര്‍ണായകമായിരുന്ന ചില പ്രധാന സാക്ഷികള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കാതിരുന്നത് പ്രോസിക്യൂഷന് വെല്ലുവിളിയായി. ഒടുവില്‍ 14 വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2026 നവംബര്‍ 19-ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കേസില്‍ നിര്‍ണായക വിധി പ്രസ്താവിക്കുന്നു.





Related articles

See all
Popular News

CPM പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വധക്കേസ്: വിധി ഈ മാസം 23 ന്; 20 ആര്‍എസ്എസ്–ബിജെപി പ്രവർത്...

Popular News

യാത്രക്കാര്‍ക്ക് ആശ്വാസം: സീറ്റ് തർക്കങ്ങൾക്കും അമിത നിരക്കിനും പരിഹാരം; RAC സംവിധാനം നിർത...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ സംഘർഷം; കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ എസ്....

Save your stories

Sign in