കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ ആക്രമണം. എസ്.എഫ്.ഐ പ്രവർത്തകരാണ് ജാനിബിനെ മർദ്ദിച്ചതെന്നാണ് പരാതി.ഐ.ടി.ഐയിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ വിഷയത്തെക്കുറിച്ച് കോളേജ് അധികൃതരോട് അന്വേഷിക്കാനായാണ് ജാനിബ് ക്യാമ്പസിലെത്തിയത്.
വിഷയത്തിൽ കോളേജ് പ്രിൻസിപ്പലുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് ജാനിബിന് നേരെ ആക്രമണമുണ്ടായത്. ക്യാമ്പസിന് പുറത്ത് നടുറോഡിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ബൈക്കിന്റെ ചാവി, ഇടിവള, കരിങ്കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മർദ്ദനത്തിൽ കണ്ണിനും ചെവിക്കും തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജാനിബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.