സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരത്ത് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന തുടർപദ്ധതിയാണിത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ, ഈ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്താൻ ഫിഷറീസ് ഡയറക്ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു.
ബജറ്റ് പ്രഖ്യാപനം സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നടത്തിയ ഇടപെടലുകളുടെ ഫലമായി സർക്കാർ വിഷയം വിശദമായി പരിശോധിച്ചു. തുടർന്ന് ഇൻഷുറൻസ് തുക 20 ലക്ഷം രൂപയായി ഉയർത്തുന്നതിന്റെ ആദ്യഘട്ടമായാണ് ധനസഹായം ഇപ്പോൾ 15 ലക്ഷം രൂപയാക്കി വർധിപ്പിച്ചത്. കടലിലും അനുബന്ധ തൊഴിലിടങ്ങളിലും അപകടത്തിൽപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ ഉത്തരവ് സഹായിക്കും.
മത്സ്യമേഖലയുടെ സമഗ്രമായ പുരോഗതിയും തൊഴിലാളികളുടെ സുരക്ഷയും മുൻനിർത്തി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണെന്നും, ഇതിന്റെ ഭാഗമായാണ് ഇൻഷുറൻസ് തുകയിൽ വർധന വരുത്തിയതെന്നും മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.