അധികാരത്തിലെത്തി ആറുമാസം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കി ജനഹൃദയങ്ങളിൽ ഇടംനേടാൻ യുഡിഎഫ് സർക്കാരിന് സാധിച്ചതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻ സർക്കാരിൽ നിന്നുണ്ടായ വലിയ സാമ്പത്തിക ബാധ്യതകളും പ്രതിസന്ധികളും നിലനിൽക്കുമ്പോഴും, ജനക്ഷേമത്തിന് പ്രഥമ പരിഗണന നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ജനകീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസവും സ്ത്രീകൾക്ക് കൂടുതൽ യാത്രാസ്വാതന്ത്ര്യവും നൽകി. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തുന്നതിനൊപ്പം, ലഹരിമാഫിയയെ അടിച്ചമർത്തുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പ്രത്യേക ദൗത്യവും ഏറെ ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഭരണത്തിന്റെ ആദ്യ മാസത്തിൽ തന്നെ സർക്കാർ പാലിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 3000 രൂപയും, അങ്കണവാടി ജീവനക്കാർക്കും പാചകത്തൊഴിലാളികൾക്കും 1000 രൂപ വീതവും വർധിപ്പിച്ചു. ക്ഷേമപെൻഷൻ ആറുമാസവും മുടക്കമില്ലാതെ വിതരണം ചെയ്യാനായി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചതും മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ധനസഹായം എട്ടുലക്ഷം രൂപയായി ഉയർത്തിയതും സുപ്രധാന നേട്ടങ്ങളാണ്. കൂടാതെ, ഗുരുതര രോഗികൾക്കുള്ള ചികിത്സാസഹായം വർധിപ്പിക്കാനും എൻഡോസൾഫാൻ, പ്രളയ ദുരിതബാധിതർക്ക് അർഹമായ സഹായമെത്തിക്കാനും സർക്കാരിന് കഴിഞ്ഞു.
മരുന്നുകളുടെ വില കുറയ്ക്കുന്നതിനും സർക്കാരിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനും ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചു. പ്രവാസികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുകയും നോർക്ക വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡലുകൾ നേടി നാടിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്ക് അർഹമായ പാരിതോഷികം വിതരണം ചെയ്യുന്നതിനും സർക്കാർ പ്രത്യേക മുൻഗണന നൽകി.
പൊതുവിപണിയിൽ ഇടപെട്ട് എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാരിനായി. റേഷൻ കടകളുടെയും സപ്ലൈകോയുടെയും പ്രവർത്തനം സജീവമാക്കിയതിനൊപ്പം ശബരിമല തീർഥാടകർക്ക് മുൻവർഷങ്ങളേക്കാൾ മികച്ച സൗകര്യങ്ങളും ഉറപ്പാക്കി. അടിസ്ഥാനസൗകര്യ വികസനത്തിലും റോഡ് നിർമാണത്തിലും വലിയ വേഗത കൈവരിക്കാനായി. ഒരു മാസത്തിനുള്ളിൽ അഞ്ചു കിലോമീറ്റർ റോഡ് നിർമിക്കാൻ സാധിച്ചത് വികസന പ്രവർത്തനങ്ങളുടെ വേഗതയ്ക്ക് വ്യക്തമായ ഉദാഹരണമാണ്.
നികുതി പിരിവ് കാര്യക്ഷമമാക്കാനും ജിഎസ്ടി വരുമാനം വർധിപ്പിക്കാനും കഴിഞ്ഞതിനൊപ്പം കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും സർക്കാരിന് സാധിച്ചു. പരിമിതമായ സാമ്പത്തിക വിഭവങ്ങൾ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച് ജനക്ഷേമ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സർക്കാർ മികച്ച ഭരണപാടവം തെളിയിച്ചുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയും സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്യുന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്ര. സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, രോഗികൾ, വയോജനങ്ങൾ, യുവാക്കൾ, പ്രവാസികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിക്കുന്ന സമഗ്രമായ ജനപക്ഷ ഭരണമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്.
ആറുമാസത്തെ ഈ ഭരണനേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർണമായി യാഥാർഥ്യമാക്കി വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയൊരു അധ്യായം രചിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധികൾക്കിടയിലും ജനപക്ഷത്ത് ഉറച്ചുനിന്ന് പ്രവർത്തിക്കാനാകുമെന്ന് തെളിയിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ആറുമാസം കേരളത്തിന്റെ ഭരണചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ കാലഘട്ടമായി അടയാളപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.