യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ ഡിയർ' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2027 ജനുവരി 29-നാണ് പ്രദർശനത്തിനെത്തുന്നത്.
കൈയ്യിൽ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിതയുടെയും കൗതുകകരമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ പുറത്തുവരുന്നത്. മുൻപ് പുറത്തുവിട്ട പോസ്റ്ററുകൾ പോലെ തന്നെ ഈ പുതിയ ലുക്കും സിനിമയിലുടനീളം പ്രതീക്ഷിക്കാവുന്ന 'ഹാപ്പി മൂഡ്' വ്യക്തമാക്കുന്നതാണ്.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് 'ഹലോ ഡിയർ' ഒരുക്കിയിരിക്കുന്നത്. പ്രണയവും തമാശകളും നിറഞ്ഞ കഥാഗതിയിൽ നിർണ്ണായകമായ ചില വഴിത്തിരിവുകളും ചിത്രത്തിലുണ്ട്. ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്ക് പുറമേ സുരേഷ് കൃഷ്ണയും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
മറ്റ് അണിയറപ്രവർത്തകർ: ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റിംഗ്: ചമൻ ചാക്കോ, കലാസംവിധാനം: നിമിഷ് എം. താനൂർ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കോ പ്രൊഡ്യൂസർ: അരുൺ ഡി. ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി, ഫിനാൻസ് കൺട്രോളർ: ശിവകുമാർ പെരുമുണ്ട, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പി.ആർ.ഒ: വാഴൂർ ജോസ്.