ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് സംസ്ഥാന സർക്കാരിന്റെ ആദരം. കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി വിദർശയെ കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് നാളെ വിദർശയ്ക്ക് കൈമാറും. ഉത്തരവ് ഏറ്റുവാങ്ങുന്നതോടെ സംസ്ഥാന സർക്കാർ സർവീസിൽ പുതിയൊരു ഉത്തരവാദിത്വത്തിലേക്കാണ് ഈ കായികതാരം ചുവടുവെക്കുന്നത്.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറും. കായിക മന്ത്രി ഒ.ജെ. ജനീഷും ചടങ്ങിൽ സന്നിഹിതനായിരിക്കും.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തന്നെ നിയമന ഉത്തരവ് കൈമാറാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനായി വിദർശ വിദേശത്തായിരുന്നതിനാൽ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. നാളെ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, കായിക ഡയറക്ടർ അഖിൽ വി. മേനോൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.