ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പ്രേക്ഷകർക്ക് ഇപ്പോൾ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സമൂഹം നിശ്ചയിച്ച അതിരുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന കല്പനയുടെയും, അവളുടെ യാത്രയിൽ താങ്ങായി നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. പ്രണയവും പ്രതീക്ഷയും ജീവിതത്തിലെ വെല്ലുവിളികളും കോർത്തിണക്കിയ ഹൃദയസ്പർശിയായൊരു സിനിമാനുഭവമായിരിക്കും ഇതെന്നാണ് സൂചന. മനോഹരമായ ദൃശ്യഭംഗിക്കൊപ്പം ദുൽഖറിന്റെ സ്വാഭാവിക അഭിനയവും ചിത്രത്തിന് കരുത്തേകും.
കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്. പുതുമുഖ നടി സാത്വിക വീരവല്ലിയാണ് നായികയായ കല്പനയെ അവതരിപ്പിക്കുന്നത്; സാത്വികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. തമിഴ് താരം ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന രോഹിണിയുടെ സാന്നിധ്യം സിനിമയുടെ പ്രധാന ആകർഷണമാണ്. റൂഹാനി, മുരളി ശർമ്മ, സ്വാസിക എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനോടകം പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ സംഗീതപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയവും വൈകാരികതയും തുളുമ്പുന്ന ഗാനങ്ങളിലൂടെ സിനിമയുടെ സംഗീതലോകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ എന്നീ ബ്ലോക്ക്ബസ്റ്ററുകളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് നായകചിത്രം എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. ‘കൽക്കി 2898 എഡി’യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡി.പി.വി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സി.എച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വി.എഫ്.എക്സ്: എഗ്വൈറ്റ് വി.എഫ്.എക്സ്, വി.എഫ്.എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രെൻഡ്സ്, പി.ആർ.ഒ: ശബരി.