പയ്യന്നൂര്‍: ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ റിസര്‍വേഷന്‍ എഗന്‍സ്റ്റ് കാന്‍സലേഷന്‍ (RAC) ടിക്കറ്റുകാര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും കോച്ചുകള്‍ക്കുള്ളിലെ പതിവ് തര്‍ക്കങ്ങള്‍ക്കും ഉടന്‍ പരിഹാരമായേക്കും. ആര്‍.എ.സി. സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് റെയില്‍വേ ഗൗരവമായി ആലോചിക്കുന്നതായാണ് സൂചന.
നിലവിലെ രീതി അനുസരിച്ച്, ആര്‍.എ.സി. പട്ടികയില്‍ ഉള്‍പ്പെടുന്ന രണ്ട് യാത്രക്കാര്‍ക്ക് ഒരു സൈഡ് ലോവര്‍ ബെര്‍ത്ത് മാത്രമാണ് പങ്കിട്ട് നല്‍കുന്നത്. രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാത്ത പകുതി സ്ഥലത്തിനായി രണ്ട് യാത്രക്കാരില്‍ നിന്നും പൂര്‍ണ്ണ ടിക്കറ്റ് നിരക്ക് റെയില്‍വേ ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടാതെ, സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയും ആരാണ് സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടത് എന്നതിനെച്ചൊല്ലിയും കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നതും റെയില്‍വേയ്ക്ക് തലവേദനയായി മാറിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായ ബെര്‍ത്തുകള്‍ ഉറപ്പാക്കണമെന്നും, അഥവാ ആര്‍.എ.സി. ടിക്കറ്റ് നല്‍കുന്നുണ്ടെങ്കില്‍ പകുതി നിരക്ക് മാത്രം ഈടാക്കണമെന്നുമുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നിര്‍ണ്ണായക നീക്കം. ഒറ്റ ബെര്‍ത്തിലെ യാത്രാസൗകര്യങ്ങളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും വ്യാപകമായതോടെയാണ് നിലവിലുള്ള സംവിധാനം പൊളിച്ചെഴുതാന്‍ റെയില്‍വേ ഒരുങ്ങുന്നത്.
യാത്രക്കാര്‍ക്ക് ആശ്വാസം: സീറ്റ് തർക്കങ്ങൾക്കും അമിത നിരക്കിനും പരിഹാരം; RAC സംവിധാനം നിർത്തലാക്കാൻ റെയിൽവേ ആലോചന