കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി നവംബര്‍ 23-ന് വിധി പറയും. കേസിലെ അന്തിമ വാദം പൂര്‍ത്തിയായതോടെയാണ് കോടതി വിധി പറയാനായി മാറ്റിയത്. 21 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു സി.വി. ധനരാജിന്റേത്. 2016 ജൂലൈ 11-നാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ധനരാജിനെ ഒരു സംഘം വീട്ടില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
കേസിലുണ്ടായിരുന്ന 21 പ്രതികളില്‍ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയില്‍ നടന്ന വിചാരണ നടപടികളില്‍ മുഴുവന്‍ പ്രതികളെയും കോടതി നേരിട്ട് ചോദ്യം ചെയ്തു. അന്തിമ വാദം കൂടി പൂര്‍ത്തിയായതോടെയാണ് നിര്‍ണ്ണായക വിധിക്കായി കേസ് മാറ്റിവെച്ചത്.
ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ ബിജെപി പ്രവര്‍ത്തകനായിരുന്ന സി.കെ. രാമചന്ദ്രനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പയ്യന്നൂര്‍ മേഖലയില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്. അതേസമയം, പിന്നീട് സി.വി. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തിരിമറി ആരോപണങ്ങള്‍ സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
CPM പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വധക്കേസ്: വിധി ഈ മാസം 23 ന്; 20 ആര്‍എസ്എസ്–ബിജെപി പ്രവർത്തകരാണ് പ്രതികൾ